കോവളം: തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ ഫ്ലോട്ടിംഗ് വേവ് എനർജി പവർ പ്ലാന്റ് വിഴിഞ്ഞത്ത് വരുന്നു. അമേരിക്കൻ കമ്പനിയുടെ സാങ്കേതിക സംവിധാനത്തിൽ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന തരത്തിലുള്ളതാണ് തിരമാല വൈദ്യുത പദ്ധതി. പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി എം.ഡി. ഡോ. ജയകുമാറിനെ നിയമിച്ചു. തിരമാലയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന വിഴിഞ്ഞത്തെ ആദ്യ പദ്ധതിയുടെ ചുമതല വഹിച്ചതും ഡോ. ജയകുമാറായിരുന്നു. അനർട്ട് മുഖേന നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയിലൂടെ ഒരു മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയും. മദ്രാസ് ഐ.ഐ.ടി, എൻ.ഐ.ടി എന്നീ ഏജൻസികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 1991ൽ ഇവിടെ ആരംഭിച്ച തിരമാല വൈദ്യുത പദ്ധതി സീവേർഡ് വാർഫിനു സമീപമായിരുന്നു. എന്നാൽ പുതിയ പദ്ധതി ആഴക്കടലിലാണ് സ്ഥാപിക്കുന്നത്. മുമ്പ് സ്ഥാപിച്ചിരുന്ന തിരമാല പദ്ധതി കോൺക്രീറ്റ് നിർമ്മിത കേന്ദ്രത്തിൽ ഓസുലേറ്റിംഗ് വാട്ടർ കോളം സാങ്കേതികതയിലാണ് പ്രവർത്തിച്ചിരുന്നത്. അന്ന് പദ്ധതി വിജയിച്ചിരുന്നെങ്കിലും ഗവേഷണ പദ്ധതിയുടെ കാലാവധി കഴിഞ്ഞതിനാൽ പൊളിച്ചുനീക്കുകയായിരുന്നു. അമേരിക്കൻ ലാബിൽ വിജയിച്ച പുതിയ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ വിഴിഞ്ഞത്ത് സ്ഥാപിക്കും. പദ്ധതി പ്രയോജനകരമാണെങ്കിൽ കൂടുതൽ ഫ്ളോട്ടിംഗ് യൂണിറ്റുകൾ സ്ഥാപിക്കും.
`
1. 15 മുതൽ 20 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
2. 40 മുതൽ 50 മീറ്റർ വരെ ആഴത്തിൽ
പൊങ്ങിക്കിടക്കുന്ന രീതിയിലാണ് നിർമിക്കുക.
3. ഒരു മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ്
പ്രവർത്തനം
--------------------------
മറ്റ് തീരങ്ങളെ അപേക്ഷിച്ച് തിരമാലയുടെ ശക്തി കൂടുതലായതിനാലാണ് പ്ലാന്റ് സ്ഥാപിക്കാൻ വിഴിഞ്ഞം തിരഞ്ഞെടുത്തത്. തിരയുടെ ശക്തിക്കനുസരിച്ചാണ് ടർബൈൻ പ്രവർത്തിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. പ്ലാന്റിനെ തീരവുമായി പ്രത്യേക കേബിൾ വഴി ബന്ധിപ്പിച്ച് വൈദ്യുതി കരയിലേക്കു മാറ്റും.