തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ സമഗ്ര പുനരധിവാസത്തിന് പദ്ധതിയൊരുങ്ങുന്നു. നോർക്ക റൂട്ട്സാണ് പദ്ധതിയൊരുക്കുന്നത്. നിലവിലുള്ള പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു വിപുലീകരിക്കുകയാണ് ചെയ്യുന്നതെന്ന് നോർക്ക റൂട്ട്സ് അധികൃതർ വ്യക്തമാക്കി.
കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ 4.75 ലക്ഷം പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2019-20 സാമ്പത്തികവർഷം 1043 പേരാണ് പുനരധിവാസപദ്ധതി ഉപയോഗപ്പെടുത്തിയത്. പ്രവാസികൾ പലരും ജോലി നഷ്ടപ്പെട്ടാണ് മടങ്ങുന്നത്.
ഇവർക്കെല്ലാം ഉത്പാദന നിർമാണമേഖലയ്ക്കൊപ്പം സേവനമേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും സഹായം കിട്ടും. പ്രവാസികൾ കൂടുതലായി മടങ്ങിയെത്തിയ മേഖലകൾ കേന്ദ്രീകരിച്ചാകും പദ്ധതികൾക്ക് പ്രചാരം നൽകുക.