തിരുവനന്തപുരം: കുട്ടിക്കാലം മുതൽ വർണങ്ങളോടും വരകളോടും കൂട്ടുകൂടിയാണ് തലസ്ഥാനത്ത് അമ്പലമുക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പി.എസ് പ്രകാശ് ചിത്രകല രംഗത്ത് സജീവമായത്. പൊതു പ്രവർത്തകനും വ്യാപാരി വ്യവസായി സമിതി പേരൂർക്കട ഏരിയ സെക്രട്ടറിയുമായ പ്രകാശ് ജീവസുറ്റ ധാരാളം ചിത്രങ്ങളാണ് ക്യാൻവാസിലേക്ക് കോറിയിട്ടത്. ചിത്രരചനയിൽ ഔപചാരിക ബാലപാഠങ്ങൾ പോലും ലഭിച്ചിട്ടില്ല എന്ന വസ്തുത മനസിലാക്കുമ്പോഴാണ് പ്രകാശ് വരച്ച ചിത്രങ്ങൾ ആസ്വാദകർക്ക് അത്ഭുതമായി തീരുന്നത്.
ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കാൻ നിർബന്ധിതനായപ്പോഴാണ് പ്രകാശ് വീണ്ടും ചിത്രരചനയിൽ വ്യാപൃതനായത്. ഇതിനോടകം സ്വതസിദ്ധമായ രചനാശൈലി വികസിപ്പിച്ചെടുക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. രവിവർമ്മ ചിത്രങ്ങൾ ഉൾപ്പെടെ പല പ്രശസ്ത രചനകളും ആകർഷണീയമായി ക്യാൻവാസിൽ പകർത്താൻ ശ്രമിച്ചിട്ടുണ്ട്.
പ്രശസ്ത ഫോട്ടോഗ്രാഫറും സുഹൃത്തുമായ അജിത് പ്രേംകുമാർ കണ്ണൂർ പഴയങ്ങാടി എന്ന സ്ഥലത്തുനിന്ന് കാമറയിൽ പകർത്തിയ കണ്ടനാർകേളൻ എന്ന തെയ്യക്കോലം ജീവസുറ്റ രീതിയിലാണ് പ്രകാശ് ക്യാൻവാസിലേക്ക് ചാലിച്ച് എടുത്തിട്ടുള്ളത്. ഈ ചിത്രത്തിന് ഒരുപാട് പ്രശംസയും അഭിനന്ദനങ്ങളും ഇതിനോടകം ലഭിച്ച് കഴിഞ്ഞു. ഇപ്പോൾ താൻ വരച്ച ചിത്രങ്ങളുടെ വിൽപ്പനയ്ക്ക് തയ്യാറെടുക്കുകയാണ് പ്രകാശ്. ഇതിൽ നിന്നും സമാഹരിക്കുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് പ്രകാശ് ചിത്രങ്ങൾ വിൽക്കാൻ ഒരുങ്ങുന്നത്.