ex

തിരുവനന്തപുരം: കൊവിഡും ലോക് ഡൗണും മൂലം വരുമാനം നിലച്ച രക്ഷിതാക്കൾക്ക് സ്വകാര്യ സ്കൂളുകാരുടെ ഇടുട്ടടി. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് സ്കൂളുകൾ തുറക്കില്ലെങ്കിലും മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് ചില സ്കൂളുകൾ ആവശ്യപ്പെടുന്നത്.


രക്ഷിതാക്കളിൽ മിക്കവരുടെയും തൊഴിലും വരുമാനവും നഷ്ടപ്പെട്ടിട്ടും ഫീസ് വാങ്ങുന്ന കാര്യത്തിൽ ഈ സ്കൂളുകാർ ഒരിളവും കാണിക്കുന്നില്ല.ഓൺ ലൈൻ ക്ലാസുകൾക്കായി കമ്പ്യൂട്ടറും മൊബൈലുമൊക്കെ വാങ്ങി മാതാപിതാക്കളിൽ പലരും ഇപ്പോൾ തന്നെ കടക്കെണിയിലാണ്. ഒന്നിൽ കൂടുതൽ കുട്ടികളുള്ള രക്ഷിതാക്കൾക്കാണ് ഏറെ പ്രശ്നം.സ്ക്കൂൾ തുറക്കാത്തിനാൽ ഫീസ് അടക്കാൻ സാവകാശം ലഭിക്കുമെന്നാണ് പലരും കരുതിയിരുന്നത്. പക്ഷേ, അതെല്ലാം വെറും പ്രതീക്ഷമാത്രമായി. അതിനിടെ വരുമാനം കുറഞ്ഞെന്നുപറഞ്ഞ് ചില സ്കൂളുകളിൽ അദ്ധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചെന്നും ആക്ഷേപമുണ്ട്.

സ്കൂൾ തുറക്കാനാവാത്തതിനാൽ ഓൺ ലൈൻ ക്ലാസുകളാണ് നടത്തുന്നത്.അതിനാൽ സ്കൂളുകളിലെ അനുബന്ധ സൗകര്യങ്ങൾ ഒന്നും കുട്ടികൾ ഉപയോഗിക്കുന്നില്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഫീസ് വാങ്ങരുതെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം. ഫീസിനൊപ്പം പുസ്തകം വാങ്ങാനും നല്ലൊരു തുക ചെലവാകും. തങ്ങളുടെ അവസ്ഥ മനസിലാക്കി മുഴുവൻ ഫീസും വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാൽ ഫീസ് വർദ്ധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷച്ചതിനൊപ്പം നിശ്ചിത തീയതിക്കുള്ളിൽ ഫീസ് അടക്കണമെന്ന് നിബന്ധനയും വേണ്ടെന്നുവച്ചെന്നാണ് സ്കൂൾ മാനേജ് മെന്റുകൾ പറയുന്നത്.

കേന്ദ്രീയ വിദ്യാലയവും മുഴുവൻ ഫീസ് അടക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഫീസ് വർദ്ധന മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയാണ് കേന്ദ്രീയ വിദ്യാലയങ്ങൾ.