workers

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ കേരളത്തില്‍ നിന്ന് 55 തീവണ്ടികളില്‍ 70,137 കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് അയച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരംഭിച്ച 21,556 ക്യാമ്പുകളില്‍ 4,34,280 കുടിയേറ്റ തൊഴിലാളികളെ പാര്‍പ്പിച്ചു എന്നും സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ കേരളം വ്യക്തമാക്കി.

ക്യാമ്പുകളില്‍ ഭക്ഷണം, കുടിവെള്ളം, മറ്റ് സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സൗജന്യമായിരുന്നു എന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കുടിയേറ്റ തൊഴിലാളികളുടെ വിഷയം പരിഹരിക്കുന്നതിന് 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തല കമ്മിറ്റികള്‍ രൂപികരിച്ചു. 1165 സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിച്ചു. അവശ്യ സാധനങ്ങള്‍ സൗജന്യമായി എത്തിച്ചു. തൊഴിലാളികള്‍ക്ക് ഉണ്ടാകുന്ന മാനസിക സംഘര്‍ഷം പരിഹരിക്കുന്നതിന് മനോരോഗ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ദ്രുത കര്‍മ സംഘങ്ങളെ രൂപികരിച്ചു. കുടിയേറ്റ തൊഴിലാളികളെ അഥിതി തൊഴിലാളികള്‍ ആയാണ് കേരളം കാണുന്നതെന്നും സുപ്രീംകോടതിയെ കേരളം അറിയിച്ചു.

കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനും മേല്‍നോട്ടം വഹിക്കാനും പ്രത്യേക വാര്‍ റൂം സജ്ജീകരിച്ചിട്ടുണ്ട്. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്ലിലേക്ക് 20,386 പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇത് മുഴുവനും പരിഹരിച്ചു. ഹിന്ദി, ആസാമി, ബംഗാളി, ഒറിയ, തമിഴ് എന്നീ ഭാഷകള്‍ അറിയാവുന്നവരെ നിയമിച്ചതായും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത നാലു പേജ് ദൈഘ്യം ഉള്ള റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.

കുടിയേറ്റ തൊഴിലാളികളുടെ വിഷയവും ആയി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് ഇന്ന് സുപ്രീം കോടതി പരിഹരിക്കാന്‍ ഇരിക്കെ ആണ് കേരളം റിപ്പോര്‍ട്ട് നല്‍കിയത്. കുടിയേറ്റ തൊഴിലാളികളോട് കേരളം കാണിക്കുന്ന സമീപനം ലോകം പ്രകീര്‍ത്തിച്ചു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ആയി സുപ്രീം കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിര്‍ദേശവും സ്വീകാര്യം ആണെന്നും കേരളം റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികളുടെ വിഷയങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ആയ പ്രണബ് ജ്യോതിനാഥ്, കെ.ബിജു, എ.അലക്സാണ്ടര്‍, ഡി.ഐ.ജി സഞ്ജയ് കുമാര്‍ ഗരുഡിന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചിട്ടുണ്ടെന്നും കേരളം കോടതിയിൽ വ്യക്തമാക്കി.