covid

ബെംഗളൂരു: കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ രോഗ പരിശോധന ശക്തമാക്കി. സ്രവ പരിശോധനയാണ് വ്യാപകമായി നടത്തുന്നത്. ഇന്നലെ വൈകിട്ട് വരെ രണ്ടര ലക്ഷം പേരുടെ സ്രവമാണ് പരിശോധിച്ചത്. ദിവസം ശരാശരി 10,000 പരിശോധന. ഇന്നലെ മാത്രം നടത്തിയത് 12,694 പരിശോധന.

സംസ്ഥാനത്ത് ഇതുവരെ 2418 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 781 പേർ രോഗമുക്തരായി. 1588 പേർ ചികിത്സയിലാണ്. 49 പേർ മരിച്ചു. ബുധനാഴ്ച വൈകിട്ടു വരെ 1,09,322 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാണ്. ഹോസ്റ്റലുകൾ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ സർക്കാർ സജ്ജീകരിച്ച സൗജന്യ ക്വാറന്റൈൻ കേന്ദ്രത്തിനു പുറമേ ഹോട്ടലുകളിൽ പെയ്ഡ് സംവിധാനവുമൊരുക്കിയിട്ടുണ്ട്. 10,556 പേർ ഹോം ക്വാറന്റൈനിലുമുണ്ട്.

രാജ്യാന്തര ആഭ്യന്തര വിമാന സർവീസുകളും സംസ്ഥാനാനന്തര റോഡ് ഗതാഗതവും ആരംഭിച്ചതോടെ കർണ്ണാടകയിൽ എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. ബുധനാഴ്ച വൈകിട്ടു വരെ വിമാനമാർഗം വിദേശരാജ്യങ്ങളിൽ നിന്ന് 4832 പേരും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 3387 പേരും ബംഗളൂരുവിലെത്തി. ഇതിൽ 90 ശതമാനവും രോഗ വ്യാപനം കൂടുതലുള്ള മുംബയ്, ന്യൂഡൽഹി, ചെന്നൈ, കൊൽക്കത്ത നഗരങ്ങളിൽ നിന്നുള്ളവർ. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 12 ട്രെയിനുകളിലായി 4302 പേരും ബംഗളൂരുവിലെത്തി. 1,10,000ലധികം പേരാണ് റോഡ് മാർഗം എത്തിയത്. വരുന്നവരെയൊക്കെ നേരെ വിടുന്നത് പരിശോധനയ്ക്കാണ്.