sooraj

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കൊത്തിയ്ക്കുന്നതിന് മുൻപ് രണ്ടുതവണയും ഉറങ്ങാൻ ഗുളിക പൊടിച്ച് നൽകിയതായി സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ആദ്യ തവണ അണലിയെക്കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പായി ഡോളോ പൊടിച്ചതാണ് നൽകിയത്. അന്ന് വീട്ടിൽ പായസം വയ്ക്കാൻ സൂരജ് പറഞ്ഞിരുന്നു. ഉത്രയ്ക്ക് കൊടുക്കാനെടുത്ത പായസത്തിലാണ് ഡോളോയുടെ പൊടി ഇട്ടുകലക്കിയത്. ഇത് കഴിച്ച ഉത്ര ഉറങ്ങുമ്പോഴാണ് അണലിയെക്കൊണ്ട് കടിപ്പിച്ചത്. എന്നിട്ടും വേദനയോടെ ഉത്ര വെപ്രാളമുണ്ടാക്കി. പിന്നീട് ആശുപത്രിയിൽ എത്തിച്ചതോടെ ഉത്ര ജീവിതത്തിലേക്ക് തിരിച്ചുവന്നു. രണ്ടാമത് മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കൊത്തിയ്ക്കാൻ പദ്ധതി ഇട്ടപ്പോൾ വീട്ടിൽ വച്ചുതന്നെ ഡോളോ പൊടിച്ച് പൊതിയാക്കി സൂരജ് സൂക്ഷിച്ചു. അഞ്ചലിലെ വീട്ടിലെത്തുമ്പോഴും ഇത് കൈവശമുണ്ടായിരുന്നു.

അടൂരിലെ മെഡിക്കൽ സ്റ്റോറിൽ നിന്നും ഉറങ്ങാനുള്ള മറ്റൊരു ഗുളികയും വാങ്ങി. ഇതും പൊടിച്ചത് കൈവശം ഉണ്ടായിരുന്നു. അഞ്ചലിലെ ഉത്രയുടെ വീട്ടിൽ സൂരജ് ജ്യൂസ് തയ്യാറാക്കി എല്ലാവർക്കും നൽകി. സൂരജ് കുടിച്ചതുമില്ല. ഉത്രയ്ക്ക് കൊടുക്കാനുള്ള ജ്യൂസിൽ വിദഗ്ദ്ധമായി രണ്ട് ഗുളികപ്പൊടികളും കലക്കി. ഉത്രയുടെ മാതാപിതാക്കളുടെ മുന്നിൽവച്ചാണ് ജ്യൂസ് കൊടുത്തത്. ആരും സംശയിച്ചതുമില്ല. രണ്ട് ഗുളികകളുടെ വീര്യത്തിൽ ഉത്ര ബോധംകെട്ടുറങ്ങുമ്പോഴാണ് സൂരജ് മൂർഖൻ പാമ്പിനെ പുറത്തെടുത്തത്. ദിവസങ്ങളോളം പ്ളാസ്റ്റിക് ടപ്പയിൽ ആഹാരമില്ലാതെ വിശന്നുകിടന്ന പാമ്പിന് ശൗര്യം ഏറി. അതാണ് ഫണം വിടർത്തി ഉടൻതന്നെ കൊത്താൻ കാരണം. അടൂരിലെ വീട്ടിൽവച്ച് ആദ്യ ദിനത്തിൽ കണ്ടത് ചേരതന്നെയെന്ന് സൂരജ് ആവർത്തിക്കുന്നുണ്ട്. സൂരജ് ഗുളിക വാങ്ങിയ അടൂരിലെ മെഡിക്കൽ സ്റ്റോറിൽ അന്വേഷണ സംഘമെത്തി തെളിവെടുപ്പ് നടത്തി.