pic

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ആശുപത്രി മാലിന്യ സംസ്കരണ ചുമതലയുള്ള ഇമേജിന് സർക്കാർ നൽകാനുള്ള തുക കുടിശികയായതോടെ മാലിന്യ സംസ്കരണം പ്രതിസന്ധിയിലായി. കുടിശികയിനത്തിൽ 2 കോടി രൂപയാണ് നൽകാനുള്ളത്. സർക്കാർ ഉടൻ സഹായിച്ചില്ലെങ്കിൽ മാലിന്യ സംസ്കരണം നിറുത്തേണ്ടിവരുമെന്ന് ഇമേജിന്റെ ചുമതലയുള്ള ഐ.എം.എ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മാർച്ച് ആദ്യ വാരം വരെ വളരെക്കുറച്ച് കൊവിഡ് മാലിന്യമാണ് ആശുപത്രികളിൽ നിന്ന് ശേഖരിച്ചിരുന്നതെങ്കിൽ ഇപ്പോഴത് മൂന്നര ടൺ വരെയായി .രോഗ സംക്രമണ സാധ്യതയുള്ള കൊവിഡ് മാലിന്യം പാലക്കാട്ടെ സംസ്കരണ പ്ലാന്റിലെത്തിക്കാൻ പ്രത്യേകമായി പത്ത് വാഹനങ്ങളാണ് ഉപയോഗിക്കുന്നത് . പ്രത്യേക ഇൻസിനേറ്ററിലാണ് മാലിന്യം സംസ്കരിക്കുന്നത്. ഇതിനായി സുരക്ഷാപരിശീലനം ലഭിച്ച ജീവനക്കാരുമുണ്ട്. ഇതിനെല്ലാമായി ചെലവഴിക്കേണ്ടി വരുന്നത് വൻ തുകയാണ്.
മാലിന്യം സംസ്കരണം ചെയ്ത വകയിൽ സർക്കാർ നൽകാനുള്ള കുടിശിക ലഭിച്ചില്ലെങ്കിൽ ഇമേജിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും.