തിരുവനന്തപുരം: ശമ്പളം കിട്ടാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് 108 ആംബുലൻസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുന്നു. കൊവിഡ് ഡ്യൂട്ടിക്കുള്ള ആംബുലൻസുകളും പണിമുടക്കിലുണ്ട്. സംസ്ഥാനത്തെ 1400ൽ ഏറെ വരുന്ന 108 ആംബുലൻസ് ജീവനക്കാർക്ക് രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ല.
ഇതിൽ പ്രതിഷേധിച്ചാണ് സമരം. കൊവിഡ് ജോലികൾക്കായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആംബുലൻസ് ജീവനക്കാരുടെ കുടുംബങ്ങൾ ഇതോടെ കടുത്ത പ്രതിസന്ധിയിലാണ്. സർക്കാരുമായി കരാറുണ്ടാക്കിയ ഹൈദരാബാദ് ആസ്ഥാനമായ ജി.വി.കെ.ഇ.എം.ആർ.ഐ എന്ന കമ്പനിയാണ് ശമ്പളം കൊടുക്കേണ്ടത്. കരാർ കമ്പനിക്ക് ആറരക്കോടി നൽകിയെന്ന് സർക്കാർ പറയുമ്പോൾ ആവശ്യത്തിന് ഫണ്ടില്ലെന്നാണ് കമ്പനി പറയുന്നത്.