ന്യൂഡല്‍ഹി: കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 12.2 കോടി ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമായതായി കണക്കുകള്‍. കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചത് ദിവസവേതനക്കാരെയും ചെറുകിട കച്ചവടക്കാരെയുമാണ്. ഏപ്രിലില്‍ 27-ന് വിവിധ സംസ്ഥാനങ്ങളിലായി 5800 വീടുകളില്‍ സര്‍വേ നടത്തിയാണ് സി.എം.ഐ.ഇ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
കഴിഞ്ഞ പത്തു വര്‍ഷമായി മെല്ലെപോകുന്ന ഇന്ത്യൻ സാമ്പത്തികരംഗം ലോക്ക്ഡൗൺ വന്നതോടെ തകർന്നു. അതുകൊണ്ടാണ് രോഗവ്യാപനം വര്‍ദ്ധിക്കുമ്പോഴും ലോക്ക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകുന്നത്. എന്നാല്‍ പ്രതിസന്ധികളെ നേരിടാന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.ലോക്ക്ഡൗണ്‍ കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ചയുമായി നോക്കുമ്പോള്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഉത്തേജന പാക്കേജ് ഒരു ഭാഗം മാത്രമേ വരുന്നുള്ളൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കൊവിഡ് ഇന്ത്യയില്‍ നിലവിലുള്ളതും ഇതിനകം ഉയര്‍ന്നതുമായ അസമത്വങ്ങളെ കുറേക്കൂടി വലുതാക്കുകയാണ് ഉണ്ടാകുകയെന്ന് എകണോമിക്‌സ് പ്രൊഫസര്‍ റീതിക ഖേര അഭിപ്രായപ്പെടുന്നു. 10.4 കോടി ഇന്ത്യക്കാര്‍ ലോകബാങ്ക് നിര്‍ണയിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയാകാനുള്ള സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ സര്‍വകലാശാല പഠനം ചൂണ്ടിക്കാട്ടി ഐ.പി.ഇ ഗ്ലോബല്‍ ഡയറക്ടര്‍ അശ്വജിത് സിങ് പറയുന്നു. ഇതേ തുടർന്ന് ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ 60 ശതമാനത്തില്‍ നിന്ന 68 ശതമാനമായി ഉയരും. ഇത്തരമൊരു സാഹചര്യം രാജ്യം അഭിമുഖീകരിച്ചത് പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പാണ്.