high-court

എറണാകുളം: അണക്കെട്ടുകളുടെ ജലനിരപ്പ് ക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിൽ സർക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം നൽകാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. എന്താണ് നിലവിൽ അണക്കെട്ടുകളിലെ സ്ഥിതിയെന്നും, മഴക്കാലത്തിന് മുമ്പ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കാൻ എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നും വിശദീകരിക്കണമെന്നാണ് ആവശ്യം.

കേസ് അടുത്ത മാസം ആറിന് കോടതി വീണ്ടും പരിഗണിക്കും. പല അണക്കെട്ടുകളിലും ഇപ്പോൾത്തന്നെ ജലനിരപ്പ് ഉയർന്ന നിലയിലാണെന്നും, വൈദ്യുതോത്പ്പാദനം കുറവാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതിക്ക് നൽകിയ കത്തിൽ പറയുന്നു. സാധാരണ കാലവർഷമുണ്ടായാലും പ്രളയസാദ്ധ്യതയുണ്ടെന്നാണ് കത്തിൽ പറയുന്നത്. ഹൈക്കോടതിയിലെ ഒരു സിറ്റിംഗ് ജഡ്ജി ഇത്തരത്തിൽ ചീഫ് ജസ്റ്റിസിന് കത്ത് നൽകുന്നത് അസാധാരണ നടപടിയാണ്. ജസ്റ്റിസ് ദേവൻരാമചന്ദ്രന്‍റെ കത്ത് പരിഗണിച്ച് സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസിന്‍റെ ബഞ്ച് സർക്കാരിനോടും കെ.എസ്.ഇ.ബിയോടും വിശദീകരണം തേടിയത്.

സാധാരണ വേനൽക്കാലങ്ങളിൽ ഉണ്ടാകുന്നതിനേക്കാൾ ജലനിരപ്പ് ഇപ്പോൾ കേരളത്തിലെ പല അണക്കെട്ടുകളിലുമുണ്ടെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കത്തിൽ ചൂണ്ടിക്കാട്ടുന്നത്. പക്ഷെ അതനുസരിച്ചുള്ള വൈദ്യുതോത്പ്പാദനം പല അണക്കെട്ടുകളിലും നടക്കുന്നില്ല. ഇടുക്കി അണക്കെട്ടിൽ മൂന്ന് ജനറേറ്ററുകൾ കേടായ സ്ഥിതിയിലാണ്. ഈ അവസ്ഥയിൽ മഴക്കാലത്ത് അണക്കെട്ടുകളിലെ വെള്ളം അൽപാൽപ്പം തുറന്നുവിടൽ പ്രായോഗികമാകില്ല.

സാധാരണ കാലവർഷമാണെങ്കിൽത്തന്നെ പ്രളയസാദ്ധ്യതയുണ്ടെന്നിരിക്കെ അതിവർഷമുണ്ടായാൽ കാര്യങ്ങൾ കൈവിട്ട് പോകും. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം. ഇതിനായി ഹൈക്കോടതി ഇടപെടൽ വേണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്.