
മെക്സിക്കോ സിറ്റി: ഒരു കാലത്ത് ഭൂമുഖത്ത് ജീവിച്ചിരുന്ന ഭീമൻ ജീവികളായിരുന്നു മാമത്തുകൾ. മാമത്തുകളെ സംബന്ധിച്ച അത്യപൂർവമായ ഒരു കണ്ടുപിടുത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ഒരു കൂട്ടം മെക്സിക്കൻ ആർക്കിയോളജിസ്റ്റുകൾ. മെക്സിക്കോ സിറ്റിയിലെ സൂപാംഗോയിൽ ജനറൽ ഫിലിപ്പ് ആഞ്ചലസ് ഇന്റർനാഷണൽ എയർപോർട്ടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ മണ്ണിനടിയിൽ നിന്നും കണ്ടെത്തിയത് 60 ഓളം മാമത്തുകളുടെ അസ്ഥി കൂടങ്ങളാണ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററിയാണ് വിവരം പുറത്തുവിട്ടത്.
മെക്സിക്കോ സിറ്റിയിൽ നിന്നും 30 മൈൽ അകലെ വടക്ക് കിഴക്കായാണ് മാമത്തുകളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഒരിക്കൽ ക്സാൽടോകൻ തടാകത്തിന്റെ ഭാഗമായിരുന്നു ഇവിടം. തടാകത്തിലെ കെണിയിൽപ്പെട്ട് മരിച്ചതാകാം ഈ മാമത്തുകളെന്ന് വിശ്വസിക്കുന്നു. കണ്ടെത്തിയതിൽ കുഞ്ഞുമാമത്തുകൾ മുതൽ മുതിർന്ന ആൺ, പെൺ മാമത്തുകളുടെ വരെ അസ്ഥികൂടങ്ങളുണ്ട്. ഈ മാമത്തുകളെ മനുഷ്യൻ വേട്ടയാടി കൊന്നുവെന്നതിന് സൂചനകളില്ലെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ, മനുഷ്യ നിർമിതമായ കെണിയിൽ കുടുങ്ങി മരിച്ചതാകാം. 15,000 വർഷങ്ങൾക്ക് മുമ്പ് മാമത്തുകളെ കെണിയിൽ വീഴ്ത്താൻ മനുഷ്യൻ നിർമിച്ച കൂറ്റൻ കിടങ്ങുകൾ കണ്ടെത്തിയ ടുൽടെപെകിൽ നിന്നും ഏതാനും മൈലുകൾ അകലെയാണ് ഇപ്പോൾ മാമത്തുകളുടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരിക്കുന്ന പ്രദേശം. 12,000 വർഷങ്ങൾക്ക് മുമ്പ് പ്ലൈസ്റ്റോസീൻ കാലഘട്ടത്തിൽ വടക്കേ അമേരിക്കയിലും മദ്യ അമേരിക്കൻ പ്രദേശങ്ങളിലും ജീവിച്ചിരുന്ന കൊളംബിയൻ മാമത്തുകളുടെ സ്പീഷീസിൽ പെട്ടതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നവയെന്ന് ഗവേഷകർ പറഞ്ഞു. ഇന്നത്തെ ആഫ്രിക്കൻ ആനകളെക്കാൾ വലുതായിരുന്നു കൊളംബിയൻ മാമത്തുകൾ. അതേ സമയം, വൂളി മാമത്തുകളെ പോലെ നീണ്ട രോമങ്ങൾ കൊളംബിയൻ മാമത്തുകൾക്ക് ഉണ്ടായിരുന്നില്ല എന്നാണ് വിശ്വസിക്കുന്നത്.

ഏതായാലും എയർപോർട്ട് നിർമാണത്തിനിടെ ലഭിച്ച ഈ അസ്ഥികൂടങ്ങൾ ഗവേഷകർ ആഴത്തിൽ പഠനവിധേയമാക്കുകയാണ്. ഒക്ടോബറിൽ ഈ കണ്ടെത്തൽ നടന്നത് മുതൽ 30 ആർക്കിയോളജിസ്റ്റുകൾ ഉൾപ്പെടെയുള്ള ഗവേഷക സംഘം പ്രദേശത്ത് പഠനങ്ങൾ തുടരുകയാണ്. ഇതിനിടെ ഹിസ്പാനിക് കാലഘട്ടത്തിന് മുമ്പ് ജീവിച്ചിരുന്ന 15 മനുഷ്യരുടെ അസ്ഥികൂടവും ഇവിടെ കണ്ടെത്തി. ഇതിൽ ചിലരെ കളിമൺ പ്രതിമകൾ, പാത്രങ്ങൾ തുടങ്ങിയവയ്ക്കൊപ്പമാണ് സംസ്കരിച്ചിരുന്നത്. കണ്ടുപിടുത്തങ്ങളെല്ലാം മ്യൂസിയത്തിൽ സൂക്ഷിക്കാനാണ് തീരുമാനം. വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് ഏതായാലും കണ്ടുപിടുത്തങ്ങൾ തടസമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.