ആലപ്പുഴ: തോട്ടപ്പള്ളി പൊഴിമുറിക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ രംഗത്ത്. മണല്‍ നീക്കം അശാസ്ത്രീയമെന്നും നടക്കുന്നത് പകല്‍ക്കൊള്ളയെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് വിമർശിച്ചു. എൽ.ഡി.എഫില്‍ ആലോചിക്കാതെ ഒറ്റയ്ക്ക് എടുത്ത തീരുമാനം ശരിയല്ലെന്നും സി.പി.ഐ ആരോപിക്കുന്നു. തീരമേഖലയിൽ കരിമണൽ ഖനനം തുടങ്ങാൻ, സർക്കാർ ഒരുങ്ങുന്നുവെന്ന ആരോപണം ഉന്നയിച്ച് സമരം ശക്തമാക്കാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് വിമർശനവുമായി സി.പഐ രംഗത്തെത്തിയിരിക്കുന്നത്.
മഴക്കാലത്തിന് മുന്നേ പൊഴി മുറിച്ച് ആഴവും വീതിയും കൂട്ടാനുള്ള ജോലികൾ ജലവിഭവവകുപ്പ് വേഗത്തിലാക്കി. കാറ്റാടി മരങ്ങൾ മുറിച്ച് നീക്കിയ ഭാഗത്ത് അമ്പതിലധികം യന്ത്രങ്ങൾ എത്തിച്ചാണ് മണൽ നീക്കുന്നത്. കരാർ പ്രകാരം നീക്കുന്ന മണൽ, പൊതുമേഖലാ സ്ഥാപനമായ കെ.എം.എം.എൽ പൊലീസ് സുരക്ഷയിൽ കൊണ്ടുപോകുകയാണ്. ഡ്രഗര്‍ ഉപയോഗിച്ച് ആഴം കൂട്ടൽ ജോലികൾ നടത്തുന്നുണ്ട്. വൈകാതെ സ്പൈറൽ യൂണിറ്റ് സ്ഥാപിച്ച് മണലും ധാതുക്കളും വേർതിരിക്കുന്ന ജോലികളും തുടങ്ങും.