ഗുരുതരമായ ആഭ്യന്തര - അന്താരാഷ്ട്ര പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ ലോക ശ്രദ്ധ തിരിച്ചുവിടാൻ സ്വേച്ഛാധിപത്യ രാജ്യങ്ങൾ മനഃപൂർവം അയൽ രാജ്യങ്ങളുമായി പ്രശ്നം സൃഷ്ടിക്കുന്നത് അപൂർവമല്ല. അയൽ രാജ്യങ്ങളുമായി നിത്യസൗഹൃദത്തിലും പരമാവധി സഹകരണത്തിലും കഴിയാൻ സ്വാതന്ത്ര്യലബ്ധി തൊട്ടേ ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നിട്ടും അയൽ രാജ്യങ്ങളായ പാകിസ്ഥാനുമായും ചൈനയുമായും സൗഹൃദബന്ധം നിലനിറുത്താൻ നമുക്കു കഴിയാത്തതിനു കാരണം ഇരു രാജ്യങ്ങളുടെയും പ്രകോപനപരമായ സമീപനമാണ്. ഇന്ത്യയുമായി എന്നും ശത്രുത പാകിസ്ഥാന്റെ അംഗീകരിക്കപ്പെട്ട നയമാണ്. ചൈനയും അവസരം കിട്ടുമ്പോഴെല്ലാം ഇന്ത്യയെ ദ്രോഹിക്കാനേ ശ്രമിച്ചിട്ടുള്ളൂ. നയതന്ത്ര തലത്തിൽ നല്ല സുഹൃത്തുക്കളെന്നു ഭാവിക്കുമ്പോഴും ഉഭയകക്ഷി ബന്ധത്തിനു യോജിക്കാത്തതു പലതുമാണ് ചൈനീസ് പക്ഷത്തു നിന്നുണ്ടാകുന്നത്. ലോകത്തിനു മുന്നിൽ പഞ്ചശീല തത്വങ്ങൾ മുറുകെ പിടിച്ചുനിൽക്കുമ്പോഴാണ് 1962-ൽ ചൈന ഇന്ത്യയ്ക്കെതിരെ അതിർത്തി യുദ്ധം നടത്തിയത്. അന്ന് കൈയടക്കിയ ഇന്ത്യൻ ഭൂപ്രദേശങ്ങളുടെ സിംഹഭാഗവും ഇപ്പോഴും ചൈനയുടെ പക്കൽത്തന്നെയാണ്. പാകിസ്ഥാനുമായി ചങ്ങാത്തം സ്ഥാപിച്ചുകൊണ്ട് ഇന്ത്യയെ പ്രത്യക്ഷമായും പരോക്ഷമായും ബുദ്ധിമുട്ടിക്കുന്ന പലതും ചൈന ചെയ്തുകൊണ്ടിരിക്കുകയാണ്.
ലഡാക്ക് മുതൽ അരുണാചൽ വരെ 3488 കിലോമീറ്റർ നീണ്ടുകിടക്കുന്ന യഥാർത്ഥ നിയന്ത്രണ രേഖയിൽ കൂടക്കൂടെ ചൈന നടത്തിക്കൊണ്ടിരിക്കുന്ന സൈനിക നടപടികൾ പ്രകോപന സ്വഭാവം കൈവരിക്കുമ്പോഴാണ് അതിർത്തിയിൽ സംഘർഷം പുകയാറുള്ളത്. ഇപ്പോഴും ഇരു രാജ്യങ്ങളും അത്തരത്തിലുള്ള ഒരു അതിർത്തി സംഘർഷത്തിന്റെ വീർപ്പുമുട്ടലിലാണ്. ലഡാക്ക് അതിർത്തിയിൽ പാംഗോംഗ് തടാകത്തിനടുത്ത് ഇന്ത്യ നടത്തുന്ന റോഡ് നിർമ്മാണം ഇക്കഴിഞ്ഞ അഞ്ചിന് ചൈനീസ് സേന തടഞ്ഞതിനെത്തുടർന്നാണ് പെട്ടെന്ന് സംഘർഷം ഉരുണ്ടുകൂടിയത്. ചെറിയ തോതിൽ ഏറ്റുമുട്ടലോളം അത് എത്തുകയും ചെയ്തു. ഈ പ്രദേശത്ത് ധാരാളം പട്ടാളക്കാരെയും ചൈന പുതുതായി വിന്യസിച്ചു. ഇതിനെ നേരിടാൻ ഇന്ത്യൻ ഭാഗത്തും ശ്രമമുണ്ടായി. ലഡാക്ക് അതിർത്തിയിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളിൽ ഇരു രാജ്യങ്ങളുടെയും സേനകൾ മുഖാമുഖം നിൽക്കുകയാണ്. സംഘർഷസ്ഥിതി കഴിഞ്ഞ ദിവസം ഇരുഭാഗത്തെയും ഉന്നത സൈനിക ഓഫീസർമാർ പ്രത്യേക യോഗം വിളിച്ചുകൂട്ടി ചർച്ചചെയ്തിരുന്നു. സ്ഥിതി കൈവിട്ടുപോകാൻ ഇടവരുത്തില്ലെന്നും പ്രശ്നം രമ്യമായിത്തന്നെ പരിഹരിക്കുമെന്നും സേനാവൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാകുന്നത് എല്ലാം കൊണ്ടും നല്ലതുതന്നെ. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് സംഘർഷരഹിതമായി അതിർത്തികൾ സദാ നിലനിൽക്കണമെന്നതും. ഇരു രാജ്യങ്ങളുടെയും രാഷ്ട്രത്തലവന്മാർ തമ്മിൽ ഏറ്റവും ഒടുവിൽ കൂടിക്കാഴ്ച നടത്തിയപ്പോഴും അതിർത്തി പ്രശ്നം ചർച്ചയ്ക്കു വിഷയീഭവിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഈ വിഷയത്തിൽ ഏതെങ്കിലും വിധത്തിലുള്ള ഒരു ഉറപ്പു നൽകാൻ ചൈന മടിക്കുന്നുവെന്നാണ് മനസിലാക്കേണ്ടത്.
ഇപ്പോഴുണ്ടായിരിക്കുന്ന അതിർത്തി സംഘർഷം ഏറ്റുമുട്ടലിലേക്കു വളർത്താൻ ചൈന എന്തായാലും ആഗ്രഹിക്കുകയില്ലെന്നാണ് വിദഗ്ദ്ധർ കണക്കുകൂട്ടുന്നത്. കാരണം നയതന്ത്ര തലത്തിൽ ചൈനയുടെ ഇപ്പോഴത്തെ നില അവർക്ക് ഒട്ടും അനുകൂലമല്ലെന്നതു തന്നെ. കൊവിഡ്, ഹോങ്‌കോങ് പ്രശ്നങ്ങൾ ഉൾപ്പെടെ പലതിലും ചൈന വലിയ പ്രതിരോധത്തിലാണിപ്പോൾ. ഒരു അർത്ഥത്തിൽ ഇത്തരം ആഭ്യന്തര പ്രശ്നങ്ങൾ തന്നെയാകാം ലോക ശ്രദ്ധ തിരിച്ചുവിടാൻ സഹായിക്കുന്ന അതിർത്തി സംഘർഷം സൃഷ്ടിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ എന്നു വിലയിരുത്തുന്നവരും ഉണ്ട്. കൊവിഡിന്റെ ആവിർഭാവം ചൈനയിലാണ്. രോഗസ്ഥിതി അവർ മനഃപൂർവം മറച്ചുവയ്ക്കുകയാണെന്ന ഗുരുതരമായ ആരോപണം നിലനിൽക്കുന്നു. ലോകാരോഗ്യ സംഘടനയും ചൈനയുടെ വശം പിടിച്ച് കാര്യങ്ങൾ വഷളാക്കി എന്ന ആക്ഷേപം പരക്കെ ഉണ്ട്. ഇതിനിടയിലാണ് ഇതേപ്പറ്റിയെല്ലാം അന്വേഷിക്കാൻ ലോകാരോഗ്യ സംഘടന അന്വേഷണ സമിതിയെ നിയമിച്ചത്. മറ്റു ലോകരാജ്യങ്ങളിലെപ്പോലെ കൊവിഡ് ചൈനയുടെ സമ്പദ് വ്യവസ്ഥയെയും കാര്യമായി തകർത്തിരുന്നു. മഹാമാരിയെത്തുടർന്ന് ചൈനയിൽ നിന്ന് വൻകിട രാജ്യങ്ങൾ പലതും തങ്ങളുടെ കമ്പനികളെ പിൻവലിച്ചതും ചൈനയ്ക്ക് വലിയ ഭീഷണിയായിട്ടുണ്ട്. ചൈനയിൽ കട പൂട്ടിയ പല കമ്പനികളും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും കുടിയേറുക എന്നതും അവരെ വിറളിപിടിപ്പിക്കുന്നുണ്ട്. സാമ്പത്തിക വളർച്ചയിൽ ലോകത്ത് ഒന്നാമനാകാൻ പാടുപെടുന്ന ചൈനയ്ക്ക് കൊവിഡും തുടർന്നുണ്ടായ സംഭവവികാസങ്ങളും കനത്ത തിരിച്ചടിയായിട്ടുണ്ട്. അതിർത്തിയിൽ വ്യോമ താവളം വികസിപ്പിക്കുന്നതുൾപ്പെടെയുള്ള സൈനിക നടപടികളിലൂടെ ഇന്ത്യയെ പ്രകോപിപ്പിച്ച് ശ്രദ്ധതിരിച്ചുവിടാൻ ചൈന നടത്തുന്ന ശ്രമങ്ങൾക്ക് പതിവുപോലെ വലിയ ആയുസുണ്ടാവില്ല.
അതിർത്തിക്കിപ്പുറം റോഡുകളും പാലങ്ങളും ഉൾപ്പെടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗത കൈവരുന്നതും ചൈനീസ് പ്രകോപനത്തിന് കാരണമാണ്. ഇന്ത്യൻ ഭാഗത്തെ റോഡ് വികസന പദ്ധതികളോട് ആദ്യം തൊട്ടേ ചൈനയ്ക്കു അതൃപ്തി ഉള്ളതാണ്. അതുപോലെ പട്രോൾ സംഘങ്ങളുടെ സജ്ജീകരണങ്ങൾ വികസിപ്പിക്കുന്നതിലും അവർക്ക് എതിർപ്പുണ്ട്. ഇതിനിടയിലും നിയന്ത്രണ രേഖയ്ക്കടുത്തുകൂടി നാലായിരത്തി അഞ്ഞൂറു കിലോമിറ്ററിലധികം ദൂരത്തിൽ തന്ത്രപ്രധാനമായ എഴുപതിലേറെ റോഡുകൾ ഇന്ത്യ പൂർത്തിയാക്കിയിട്ടുണ്ട്. മുപ്പത്തഞ്ചെണ്ണം അവസാന ഘട്ടത്തിലാണ്. വ്യോമതാവളങ്ങളുടെ വികസനവും ഇതോടൊപ്പം നടക്കുന്നുണ്ട്. സൈനികമായി ഇന്ത്യയെക്കാൾ വളരെ ഉയർന്ന തലത്തിലാണെങ്കിലും അതിർത്തിയിൽ ഇന്ത്യ നടത്തുന്ന ഏതൊരു നിർമ്മാണവും അങ്ങേയറ്റം അലോസരത്തോടെയാണു ചൈന കാണുന്നത്.
അതിർത്തി സംഘർഷം ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളുടെയും ഉന്നത സേനാ ഓഫീസർമാർ സമ്മേളിക്കുന്നതിനിടയിലാണ് മദ്ധ്യസ്ഥന്റെ റോൾ സ്വയം ഏറ്റെടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തിയതെന്നത് കൗതുകം പകരുന്നതായി. കൊവിഡ് പ്രശ്നത്തിലുൾപ്പെടെ ചൈനയെ കടിച്ചുകൊല്ലാൻ നിൽക്കുന്ന ട്രംപിന്റെ മദ്ധ്യസ്ഥതാ വാഗ്ദാനത്തിന് ആരും വിലകല്പിക്കാൻ പോകുന്നില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാകും ഇതിന് ഒരുമ്പെട്ടത്. മുൻപ് കാശ്മീർ പ്രശ്നത്തിലും മദ്ധ്യസ്ഥൻ ചമയാനെത്തി സ്വയം പിൻവാങ്ങേണ്ടി വന്നയാളാണ് ട്രംപ്. അയൽക്കാരുമായുള്ള ഏതു പ്രശ്നവും ഉഭയകക്ഷി ചർച്ച വഴി തീർക്കണമെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്.