പാലോട്: സർക്കാർ നിർദ്ദേശങ്ങൾ അവഗണിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നടപ്പാക്കുന്ന തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് പരാതികളേറെ. തൊഴിലാളികൾക്ക് പഞ്ചായത്തുകളിൽ നിന്നും ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് മാസ്ക്, കൈയുറകൾ മറ്റ് സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഒരുക്കാൻ സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും പല പഞ്ചായത്തുകളിലും ഇത് നടപ്പിലായിട്ടില്ല. തൊഴിലാളികളോട് മാസ്കും സാനിറ്റൈസറും സ്വന്തമായി വാങ്ങാനാണത്രേ അധികാരികളുടെ നിർദ്ദേശം. അറുപത് വയസ് കഴിഞ്ഞവർ കൊവിഡ് ഭീതി ഒഴിയുന്നതുവരെ പുറത്തിറങ്ങരുതെന്ന നിർദേശവും ഇവിടെ അവഗണിക്കപ്പെടുകയാണ്. എഴുപത് കഴിഞ്ഞവരുൾപ്പെടെ തൊഴിലുറപ്പ് ജോലിക്ക് എത്തുന്നുണ്ട്. സാമൂഹിക അകലവും തൊഴിലിടങ്ങളിൽ പാലിക്കുന്നില്ലെ പരാതിയുമുണ്ട്. വൃത്തിഹീനമായ ജലാശയങ്ങളിലും കൈത്തോടുകളിലും യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ തൊഴിലാളികൾക്ക് ജോലി ചെയ്യേണ്ടിവരുന്നുണ്ട്. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ ഉറവിടം കൂടിയാണ് ഇവിടങ്ങൾ. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ട സമയം അതിക്രമിച്ചിട്ടും ചില പഞ്ചായത്തുകൾ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല എന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നിലവിൽ തൊഴിലുറപ്പ് ഉദ്യോഗസ്ഥർ തൊഴിലിടങ്ങൾ സന്ദർശിക്കാറില്ല. വിവിധ സമയങ്ങളിലെ തൊഴിലാളികളുടെ ഗ്രൂപ്പ് ഫോട്ടോകൾ മേറ്റുമാർ അയച്ചുകൊടുക്കണമെന്ന നിർദ്ദേശമാണ് ഉദ്യോഗസ്ഥർ നൽകിയിട്ടുള്ളത്. തൊഴിലുറപ്പ് തൊഴിലാളികൾക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കിയില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ സമരത്തിലേക്ക് കടക്കുമെന്ന് ഡി.സി.സി സെക്രട്ടറി പി.എസ്. ബാജിലാൽ പറഞ്ഞു.