ബീജിംഗ്: ലക്ഷണങ്ങൾ പ്രകടമാകാത്ത കൊവിഡിന്റെ രണ്ടാംവരവ് ചൈനയെ ഞെട്ടിക്കുന്നു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളൊന്നുമില്ലാതെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുന്നതോടെ ചൈനയിൽ വീണ്ടും ഭീതി പടരുകയാണ്. 28 കേസുകളിലെ 22 എണ്ണവും വുഹാനിലാണ്. കൊവിഡിന്റെ ഉത്ഭവകേന്ദ്രമായ വുഹാനിൽ തന്നെ രണ്ടാംവരവായതും ആരോഗ്യപ്രവർത്തകരെ വിഷമിപ്പിക്കുകയാണ്.
82,993 കൊവിഡ് രോഗികളാണ് ചൈനയിൽ ചികിത്സയിലുള്ളത്. 4,634 പേർ മരിച്ചു. അടുത്തിടെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗത്തിനും പനി, ചുമ, ശ്വാസതടസം തുടങ്ങി വൈറസ് ബാധയുടെ ഒരു ലക്ഷണവുമുണ്ടായിരുന്നില്ല. ഒരുലക്ഷണങ്ങളില്ലാതെ രോഗം സ്ഥിരീകരിക്കുന്നതുമൂലം വൈറസ് വാഹകർ ആരാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഇത് രോഗം വൻതോതിൽ വ്യാപിക്കുന്നതിന് ഇടയാക്കുമെന്നതാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.