health

കഫക്കെട്ട് മുതിർന്നവരേയും കൊച്ചുകുട്ടികളേയും ഒരുപോലെ ബാധിയ്ക്കുന്ന ഒരു രോഗമാണ്. ഇതല്ലാതെ പനിയും ജലദോഷവുമുള്ള സമയത്തും കഫക്കെട്ട് ഉണ്ടാകാറുണ്ട്. കഫക്കെട്ടിന് പലപ്പോഴും ആന്റിബയോട്ടിക്കുകൾ ഉപയോഗിയ്ക്കാറുണ്ട്. എന്നാൽ ഇതിന് ചില പാർശ്വഫലങ്ങളുമുണ്ട്. ഇതല്ലാതെ നാടൻ വഴികളിലൂടെ കഫക്കെട്ടു മാറ്റാൻ പല വിദ്യകളുമുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും കഫക്കെട്ട് പൂർണമായി മാറ്റാൻ കഴിയുന്ന ഒരു നാടൻ മരുന്ന് നമുക്കു വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിയ്ക്കാം. തീരെ ചെറിയ കുഞ്ഞുങ്ങൾക്ക് നൽകുന്നത് ഒഴിവാക്കണം. മൂന്നു വയസിനു മേലെയുള്ള കുട്ടികൾക്കു കൊടുക്കാം.

ഇഞ്ചിയാണ് ഇതിലെ പ്രധാന ചേരുവ. ഇഞ്ചിയ്‌ക്കൊപ്പം തേനും ഇതിൽ ഉപയോഗിയ്ക്കുന്നുണ്ട്. ഇഞ്ചിയ്‌ക്കൊപ്പം മഞ്ഞൾപ്പൊടി, കറുവാപ്പട്ട പൊടി, കുരുമുളക്, ജീരകം, തുളസി, പനിക്കൂർക്ക, ചുക്കുപൊടി, ഗ്രാമ്പൂ, നാരങ്ങാനീര്, തേൻ, പനങ്കൽക്കണ്ടം എന്നിവയെല്ലാം ഇതിലെ ചേരുവകളാണ്. അൽപം ഇഞ്ചിയെടുക്കുക. ഒരു 100 ഗ്രാം വരെയാകാം. ഇത് തൊലി നീക്കി അര ഗ്ലാസ് വെള്ളത്തിൽ അരച്ചെടുക്കുക. പിന്നീട് ഇതിലേയ്ക്ക് രണ്ടു ഗ്ലാസ് വെള്ളം കൂടി ചേർക്കുക. ആകെ രണ്ടര ഗ്ലാസ് വെള്ളത്തിലാണ് ഇതു തയ്യാറാക്കി വയ്ക്കുന്നത്. ചൂടാക്കിയ പാനിൽ കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർക്കുക, പിന്നീട് 1 ടീസ്പൂൺ കറുവാപ്പട്ട പൊടിയും കാൽ ടീസ്പൂൺ ചുക്കു പൊടിയും ചേർക്കുക. കുരുമുളകു പൊടി അര ടേബിൾ സ്പൂൺ ചേർക്കുക. ഇത് തിളച്ചു വരുമ്പോൾ ഇതിലേയ്ക്ക് സാധാരണ ജീരകം പൊടിച്ചത് കാൽ ടേബിൾ സ്പൂൺചേർക്കുക. ഇതിലേയ്ക്ക് പനങ്കൽക്കണ്ടം ചേർക്കുക. 50 ഗ്രാം മതിയാകും. ഇത് ഇളക്കുക. ഇതിലേയ്ക്ക് ഗ്രാമ്പൂ അര ടേബിൾ സ്പൂൺ ചേർക്കുക. ഇതെല്ലാം ചേർത്തു നല്ല പോലെ ഇളക്കുക. ഇതിലേയ്ക്ക് തുളസിയില ഒരു പിടി ചേർക്കുക. ഇതെല്ലാം ചേർത്തു നല്ലപോലെ തിളപ്പിയ്ക്കുക. ഇനി ഇതിലേയ്ക്ക് പനിക്കൂർക്കയുടെ ഇലയിട്ടു കൊടുക്കണം. ഇത് 6 എണ്ണം നല്ലപോലെ മുറിച്ച് ഇതിലേയ്ക്കിട്ടു കൊടുക്കണം. തീ കുറച്ച് ചെറിയ ചൂടിലാണ് ഇതു തിളപ്പിച്ചെടുക്കേണ്ടത്. ഇതിലേക്ക് പിന്നീട് പകുതി ചെറുനാരങ്ങയുടെ നീര് പിഴിഞ്ഞൊഴിയ്ക്കുക. ഇത് ഇളക്കി നല്ലപോലെ തിളച്ചു കഴിയുമ്പോൾ കൊഴുത്ത ദ്രാവകമാകും.

പനങ്കൽക്കണ്ടമാണ് ഇതിന് കൊഴുപ്പു നല്‍കുന്നത്. പഞ്ചസാര ചേർക്കരുത്. പനങ്കൽക്കണ്ടമാണ് നല്ലത്. ഇതില്ലെങ്കിൽ സാധാരണ കൽക്കണ്ടം ചേർക്കാം. ഇത് ഊറ്റിയെടുത്ത് ഇതിലേയ്ക്കു ചൂടാറുമ്പോൾ തേൻ ചേർക്കാം. ഇതു നല്ലപോലെ ഇളക്കുക. 2 ടേബിൾ സ്പൂൺ ചെറുതേൻ ചേർക്കുന്നതാണ് കൂടുതൽ നല്ലത്. ഷുഗറുള്ളവർ തേൻ ചേർക്കേണ്ട. കൽക്കണ്ടം ഷുഗറുള്ളവർക്കും ദോഷം വരുത്താത്ത ഒന്നാണ്. രാവിലെ ഒരു ടേബിൾ സ്പൂൺ കുടിയ്ക്കുന്നത് കഫക്കെട്ടു മാത്രമല്ല, മറ്റ് അസുഖങ്ങൾ തടയാനും നല്ലതാണ്. ‌

പുകവലിയ്ക്കുന്നവർക്ക് ഏറെ ഫലപ്രദമാണിത്. രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരത്തും ഓരോ ടേബിൾ സ്പൂൺ കുടിയ്ക്കാം. ഇതിനു ശേഷം ഉടൻ ഒന്നും കുടിയ്ക്കുകയോ കഴിയ്ക്കുകയോ ചെയ്യരുത്. തൊണ്ട വേദന പോലുളള പ്രശ്‌നങ്ങൾക്കും ഇതേറെ ഗുണകരമാണ്.