തിരുവനന്തപുരം: ''അയ്യോ സാറേ, മനസെങ്ങാനും ഒന്നു മാറിയാലോ എന്നു കരുതിയാ വീണ്ടും കയറിയത്.'' എടോ തന്നോടല്ലേ പലതവണ പറഞ്ഞത്... എന്നു തട്ടിക്കയറിയ പൊലീസുകാരനോട് ഒരു മദ്യപ്രിയന്റെ സങ്കടമാണിത്. ആപ്പും ഫോണുമൊന്നുമില്ലാതെ കുപ്പി കിട്ടില്ലെന്ന് അറിഞ്ഞിട്ടും സ്റ്റാച്യുവിലെ കൺസ്യൂമർ ഫെഡ് ഒൗട്ട്‌ലെറ്റിന്റെ ക്യൂവിൽ വലിഞ്ഞുകയറിയ മദ്ധ്യവയസ്കനാണ് കഥാനായകൻ.
അയാളുടെ മറുപടി കേട്ടതോടെ പൊലീസുകാരും ഒന്നയഞ്ഞു. പാളയം സ്വദേശിയായ ആ മദ്ധ്യവയസ്കനെ ആശ്വാസിപ്പിച്ച് മടക്കി. രണ്ടുമാസത്തെ കാത്തിരിപ്പിനു വിരാമമിട്ട് ഇന്നെലെയാണ് സംസ്ഥാനത്തെ മദ്യ ഷോപ്പുകൾ തുറന്നത്. പക്ഷേ, ബെവ് ക്യൂ ആപ്പിലൂടെ മദ്യം വാങ്ങാനുള്ള മുറ ബുക്ക് ചെയ്യുന്നതിലുണ്ടായ തരികിടകളിൽപ്പെട്ട് വലഞ്ഞവർ ചില്ലറയല്ല. അതിനിടയിലാണ് കാര്യമറിയാതെയുള്ള ഈ തള്ളിക്കയറ്റം. തെർമൽ സ്‌കാനിംഗ് നടത്തി ഒരേസമയം അഞ്ചുപേരെ വീതമാണ് ഔട്ട്‌ലെറ്റുകളിലേക്ക് കടത്തിവിട്ടത്. സാനിറ്റെെസറും കരുതിയിട്ടുണ്ടായിരുന്നു. പരമാവധി 10 ജീവനക്കാരുമായാണ് ഷോപ്പുകൾ പ്രവർത്തിച്ചത്. മദ്യഷോപ്പുകളിൽ എത്തിയതിലധികവും പ്രായമേറിയവരായിരുന്നു. ഇവർക്കാകട്ടെ ആപ്പിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലതാനും. രാവിലെ മുതൽ ഷോപ്പുകൾക്കുമുന്നിൽ തമ്പടിച്ചവർ വെറുതെ വരിനിന്നു നിരാശയോടെ മടങ്ങി. ആപ്പുമായെത്തിയവർ കെെനിറയെ മദ്യവും മുഖം നിറയെ ചിരിയുമായി മടങ്ങി. ചിലർ കുപ്പിയിൽ ചുംബിച്ച് ആനന്ദിച്ചു. സാമൂഹിക അകലം പാലിക്കാതെ നിന്നവർക്ക് പൊലീസിന്റെ വഴക്കും കിട്ടി. അതും ഒരു ടച്ചിംഗ്സ് പോലെയാണ് കുപ്പികിട്ടിയവർ സ്വീകരിച്ചത്.
ചതിച്ചാശാനെ
രാവിലെ ഒൻപതിന് തുറക്കുമെന്നറിയിച്ചിരുന്നെങ്കിലും കൺസ്യൂമർ ഫെഡിന്റെ ഷോപ്പുകൾ തുറന്നപ്പോൾ 10.30 കഴിഞ്ഞു. പൊരിവെയിലത്ത് വരിനിന്ന് മടുത്തതോടെ ചിലർ ബഹളം തുടങ്ങി, ചിലർ തെറിവിളിച്ചു. പുതിയ വിലകൾ സെർവറിൽ അപ്ഡേറ്റ് ചെയ്യാൻ പറ്റാതായതോടെയാണ് ഷോപ്പ് തുറക്കാൻ വെെകിയതെന്ന് ജീവനക്കാർ പറഞ്ഞു. പിന്നീട് മെയിലിൽ വില നോക്കിയാണ് മദ്യം നൽകിയത്. വെബ്കോ ഔട്ട്‌ലെറ്റുകൾ കൃത്യം ഒൻപതിന് തുറന്നു. 5 മണിയോടെ വില്പന നിറുത്തുകയും ചെയ്‌തു.
ക്യൂ ആർ കോഡ് പ്രഹസനമായി
സാങ്കേതിക തകരാറു കാരണം മദ്യഷോപ്പുകളിലെല്ലാം ക്യൂ ആർ കോഡ് സ്കാനിംഗ് ഒഴിവാക്കി. കോഡ് നമ്പരും മദ്യം ബുക്ക് ചെയ്‌തവരുടെ ഫോൺ നമ്പരും രജിസ്റ്ററിൽ രേഖപ്പെടുത്തിയാണ് വിതരണം നടത്തിയത്. ചിലയിടത്ത് ടോക്കൺ സംവിധാനവും ഏർപ്പെടുത്തിയിരുന്നു. ബുക്കിംഗ് ചെയ്യുമ്പോൾ ലഭിക്കുന്ന സമയത്ത് തന്നെയാണ് എല്ലാവർക്കും മദ്യം നൽകിയത്.
'ബംഗാളി' മദ്യം
ആപ്പും ഫോണുമൊന്നുമില്ലാതെയെത്തിയ ചിലർ കെെയിൽ കരുതിയിരുന്ന നോട്ടുകൾ നീട്ടി പലരോടും ഒരു പൈൻഡെങ്കിലും വാങ്ങി നൽകാൻ അപേക്ഷിച്ചു. ഒറ്റ മലയാളിയും തിരിഞ്ഞുനോക്കിയില്ല. ഇതുകണ്ടു സ്റ്റാച്യുവിലെ ഒൗട്ട്‌ലെറ്റിൽ ക്യൂ നിന്ന ഒരു ബംഗാളി തൊഴിലാളി പണം വാങ്ങി മദ്യം വാങ്ങി നൽകുന്ന കാഴ്ചയുമുണ്ടായി.