കടയ്ക്കാവൂർ: വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ വെള്ളക്കെട്ടുകൾ യാത്രക്കാർക്കും സമീപവാസികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. വക്കം പഞ്ചായത്തിന്റെ നാലും പന്ത്രണ്ടും വാർഡുകൾ ചേരുന്ന ഭാഗമായതിനാൽ മരാമത്ത് പണികൾ പലതും വൈകുന്നു എന്നാണ് പരിസരവാസികൾ പറയുന്നത്.
രണ്ടായിരത്തിൽപ്പരം കുട്ടികൾ പഠിക്കുന്ന സ്കൂൾ ഗ്രൗണ്ടിനോട് ചേർന്നുള്ള ചുറ്റുമതിലിന് സമീപം ചപ്പുചവറുകൾ നിക്ഷേപിക്കുന്നത് പതിവായിരുന്നു. ഇത്തരം പ്രവർത്തി അധികമായതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാലിന്യ കുഴികൾ എടുത്ത് മാലിന്യങ്ങൾ നീക്കം ചെയ്യുകയും മാലിന്യം നിക്ഷേപിക്കരുത് എന്ന് ബോർഡും വച്ചു. എന്നിട്ടും സാമൂഹ്യ വിരുദ്ധർ മാലിന്യ നിക്ഷേപം തുടർന്നു. ശല്യം സഹിക്കാൻ വയ്യാതെ സമീപത്തെ വീട്ടുകാർ കാമറ സ്ഥാപിച്ചു. ഇപ്പോൾ മതിലിന്റെ ഈ ഭാഗത്തെ മാലിന്യ നിക്ഷേപം നിലച്ചു. പകരം വെള്ളക്കെട്ടിന് സമീപമാണ് പുതിയ മാലിന്യ നിക്ഷേപം.
മനുഷ്യ വിസർജ്യങ്ങളടങ്ങിയ മാലിന്യങ്ങൾ വരെ വെള്ളക്കെട്ടിൽ കൊണ്ട് തള്ളുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത് സമീപ പ്രദേശങ്ങളിലെ വീടുകളിൽ ദുർഗന്ധം ഉണ്ടാക്കുന്നു. പകർച്ച വ്യാധികൾ പലതും പകരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. സ്കൂളിലേക്ക് പോകാനും വക്കം മാർക്കറ്റ് എന്നിവടങ്ങളിലേക്കും നിരവധി ആളുകളാണ് ഈ ദുരിതക്കയം നീന്തി കയറുന്നത്. സമീപ വാസിയായ ഒരു വീട്ടമ്മ ഈ വെള്ളക്കെട്ടിൽ വീണ് കൈ ഒടിയുകയും നിരവധി കുട്ടികൾ ഈ വെള്ളത്തിൽ വീണ് സമീപത്തെ വീടുകളിൽ സഹായത്തിനായി എത്തുന്നതും പതിവാണ്. വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.