ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ കയറി സി.പി.എം നേതാക്കളുടെ വധഭീഷണി. എസ്.ഐ ഉള്‍പ്പെടെ നാല് പൊലീസുകാര്‍ക്കു നേരെയാണ് അതിക്രമം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍. തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് ഭീഷണിമുഴക്കിയത്. വാഹനപരിശോധനയ്ക്കിടെ ഡി.വൈ.എഫ്.ഐ നേതാവിന്‍റെ ബൈക്ക് പിടികൂടിയതാണ് സി.പി.എം നേതാക്കളുടെ പ്രകോപന കാരണം.
വീട്ടിൽ കേറി തല വെട്ടുമെന്ന് ഉദ്യോഗസ്ഥരെ സിപിഎം നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കൊവിഡ് ഡ്യൂട്ടിയുടെ ഭാഗമായുള്ള വാഹന പരിശോധനയ്ക്കിടെയാണ് വാഹനം പിടിച്ചെടുത്തത് എന്നാണ് പൊലീസുകാർ പറയുന്നത്. അതേസമയം പിടിച്ചെടുത്ത വാഹനം തിരിച്ചു തരണമെന്നും അല്ലെങ്കിൽ കേസെടുക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പൊലീസുകാരെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും സി.പി.എം നേതാക്കൾ പറയുന്നു.
നേതാക്കൻമാരുടെ അതിക്രമം വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരെ അറിയിച്ചെങ്കിലും പ്രശ്നം തണ്ണുപ്പിക്കാനുള്ള നീക്കമാണ് മേലെ തട്ടിൽ നിന്നും ഉണ്ടായത് എന്നാണ് വിവരം. നേതാക്കൻമാരുടെ അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെ നേതാക്കൻമാർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.