എറണാകുളം: പ്രവാസികൾക്ക് ക്വാറന്‍റീന്‍ ചിലവ് സ്വയം വഹിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ഹര്‍ജി പിന്നീട് പരിഗണിക്കും. വ്യാപകമായ പ്രതിഷേധം മൂലം കൊവിഡ് കരുതൽ നിരീക്ഷണത്തിന് പണം വാങ്ങുന്നതിൽ നിന്നും പാവപ്പെട്ട പ്രവാസികളെ ഒഴിവാക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചിരുന്നു. പക്ഷെ ആരൊക്കെ പണം നൽകണം, ആർക്കൊക്കെ ഇളവുണ്ട്, എന്നതിൽ തീരുമാനമായിട്ടില്ല.
എല്ലാ പ്രവാസികൾക്കും സൗജന്യ നിരീക്ഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കുകയാണ് പ്രതിപക്ഷം. കൊവിഡ് പ്രതിരോധം ഭരണനേട്ടമായി ഉയർത്തിക്കാട്ടുന്ന സർക്കാരിനെ പ്രവാസി പ്രശ്നം ഉന്നയിച്ച് നേരിടാനാണ് യു.ഡി.എഫ് തീരുമാനം. നാളെ സംസ്ഥാനവ്യാപകമായ യു.ഡി.എഫ് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും.