wuhan-

ബീജിംഗ്: വുഹാനിലെ വെറ്റ് മാർക്കറ്റിലോ ലബോറട്ടറിയിലോ അല്ല കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് ചൈനീസ് ശാസ്ത്രജ്ഞർ. വൈറസ് ഉത്ഭവിച്ചതെന്ന് കരുതപ്പെടുന്ന വെറ്റ് മാർക്കറ്റിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ നിന്നും അവിടെ വില്പന നടത്തിയ മൃഗങ്ങളുമായി യാതൊരു ബന്ധവും കണ്ടെത്താനായില്ലെന്ന് ചൈനയിലെ പ്രമുഖ എപ്പിഡെമിയോളജിസ്റ്റ് ഗാവോ ഫു പറഞ്ഞു. വുഹാനിലെ മാർക്കറ്റ് കൊറോണ വൈറസിന്റെ ഇരകളിൽ ഒന്ന് മാത്രമാണെന്നും വൈറസ് ഉത്ഭവിച്ചത് ഇവിടെ നിന്നുമല്ലെന്നുമാണ് ഫു പറയുന്നത്.

തങ്ങളുടെ ലബോറട്ടിയിൽ നിന്നും കൊറോണ വൈറസ് ചോർന്നതാണെന്ന വാദം വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി ഡയറക്ടറായ വാംഗ് യാൻയി തള്ളിയിരുന്നു. കൊവിഡിന് കാരണമായ കൊറോണ വൈറസുകളെ സംബന്ധിച്ച പഠനങ്ങളൊന്നും തന്നെ വുഹാൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നില്ലെന്നും അതുകൊണ്ട് തന്നെ ലാബിൽ നിന്നും ചോർന്നതാണ് വൈറസെന്ന വാദം തെറ്റാണെന്നുമാണ് വാംഗ് യാൻയി ചൈനീസ് മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

ശാസ്ത്രജ്ഞരും ലാബ് അധികൃതരും വെറ്റ് മാർക്കറ്റോ ലാബോ അല്ല കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമെന്ന് പറയുന്നുണ്ടെങ്കിലും ചൈനയിൽ ആദ്യം രോഗം പടർന്നു പിടിച്ചപ്പോൾ ഭരണകൂടം അതിനെ മറച്ചു വയ്ക്കാൻ ശ്രമിച്ചതിനെ പറ്റി പ്രതികരിക്കാൻ തയാറായിട്ടില്ല.

കൊറോണ വൈറസ് എവിടെ നിന്നുമാണ് തുടങ്ങിയത് എന്നത് സംബന്ധിച്ച് കഴിഞ്ഞ കുറേ മാസങ്ങളായി യു.എസും ചൈനയും തമ്മിൽ വാദപ്രതിവാദങ്ങൾ തുടരുകയാണ്. ചൈനയാണ് വൈറസ് വ്യാപനത്തിന്റെ കാരണക്കാരെന്ന് കുറ്റപ്പെടുത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡിനെ ' ചൈന വൈറസ് ' എന്നാണ് വിശേഷിപ്പിച്ചത്. ഇതിനിടെ യു.എസ് ആർമിയാണ് വൈറസിന് കാരണക്കാരെന്ന് ചൈന ആരോപിക്കുകയുമുണ്ടായി. ലക്ഷക്കണക്കിന് മനുഷ്യർ മരണത്തിന് കീഴടങ്ങിയിട്ടും നിമിഷ നേരം കൊണ്ട് ലോകത്തെ കീഴടക്കിയ കൊറോണ വൈറസിനെ പിടിച്ചുകെട്ടാൻ ഇതുവരെ കഴി‌ഞ്ഞിട്ടില്ല.