മുടപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിൽ വെയിലൂർ വാർഡിൽ ശാസ്തവട്ടത്ത് കഴിഞ്ഞ ആഴ്ച ഉണ്ടായ കാറ്റിലും മഴയിലും പൂർണമായി തകർന്ന വീടിന്റെ മേൽക്കൂര പുനർ നിർമിക്കുന്നതിന് കാരമൂട് ആൽഫ ക്ലേ കമ്പനി സഹായവുമായി മുന്നോട്ടുവന്നു. പ്രകൃതിക്ഷോഭം വഴി സമയബന്ധിതമായി സർക്കാറിൽ നിന്നുള്ള സഹായം ഇന്നത്തെ സാഹചര്യത്തിൽ ലഭ്യമാക്കുന്നതിന് തടസം വരുമെന്ന് കണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു, കാരമൂട് ആൽഫ ക്ലേ ഉടമയോട് അഭ്യർത്ഥിച്ചതിന്റെ അടിസ്ഥാനത്തിൽ പറന്നു പോയ രണ്ടു വീടുകൾക്ക് മേൽക്കൂര നിർമിക്കാൻ അവർ തയ്യാറായി. രണ്ടു ലക്ഷത്തോളം രൂപ ചിലവ് വരുന്ന പ്രവർത്തികൾ ആരംഭിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന ചെയർമാൻ മംഗലപുരം ഷാഫി, വാർഡ് മെമ്പർ ദീപാ സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ പണി പുരോഗമിക്കുന്നു.