തിരുവനന്തപുരം: മദ്യവിതരണത്തിനായി ബിവറേജസ് കോർപറേഷന് വേണ്ടി തയ്യാറാക്കിയ 'ബെവ് ക്യൂ' ആപ്പ് ആദ്യദിനം തന്നെ അവതാളത്തിലായി. മദ്യവിതരണം സുഗമമായില്ലെന്ന് മാത്രമല്ല, ആപ്പിന്റെ സാങ്കേതിക പിഴവുകൾ പുതിയ തലവേദനയുമായി.
ബുധനാഴ്ച രാത്രി 11ന് ആപ്പ് പ്ളേ സ്‌റ്റോറിൽ എത്തിയതായി നിർമ്മാതാക്കളായ ഫെയർകോഡ് ടെക്നോളജീസ് അറിയിച്ചെങ്കിലും സെർച്ച് ഓപ്‌ഷനിൽ ആപ്പ് വന്നില്ല. തുടർന്ന് കമ്പനി ഫേസ്ബുക്ക് പേജിൽ ആപ്പിന്റെ ലിങ്ക് ലഭ്യമാക്കി. ഇതിൽ നിന്നാണ് പലരും ഡൗൺലോഡ് ചെയ്തത്. ഡൗൺലോഡ് ചെയ്തവർ ബുക്കിംഗിനായി ശ്രമിച്ചപ്പോൾ സമയം അവസാനിച്ചു, അടുത്ത ദിവസം ശ്രമിക്കൂവെന്ന സന്ദേശമാണ് ലഭിച്ചത്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് ബുക്കിംഗ്. ആപ്പ് വൈകിയതിനാൽ ബുക്കിംഗ് ഇന്നലെ രാവിലെ 9 വരെ നീട്ടിയിട്ടും ഫലമുണ്ടായില്ല. അടുത്ത ദിവസത്തേക്കുള്ള ബുക്കിംഗിനായി ശ്രമിച്ചവർക്കും ഒ.ടി.പി ലഭിച്ചില്ല. അതോടെ താത്കാലികമായി ബുക്കിംഗ് നിറുത്തി. ആപ്പ് പ്ലേ സ്റ്റോറിൽ ലൈവാണെന്നും ഗൂഗിൾ ഇൻഡക്‌സ് ചെയ്യുന്നതിലെ താമസം കാരണമാണ് സെർച്ചിൽ കിട്ടാത്തതെന്നുമാണ് കമ്പനിയുടെ വിശദീകരണം.
കാലുറയ്‌ക്കാതെ ആപ്പ്
ലോഡ് ടെസ്റ്റ് നടത്തിയപ്പോൾ 30 ലക്ഷം പേർ ഒരുമിച്ചെത്തിയാലും തകരില്ലെന്ന് പറഞ്ഞ ആപ്പ് 2.16 ലക്ഷം പേർ ബുക്ക് ചെയ്‌തപ്പോൾ തന്നെ തകർന്നടിയുകയായിരുന്നു. പിൻകോഡ് നൽകിയ പലർക്കും ഇ - ടോക്കൺ ലഭിച്ചത് 12 മുതൽ 20 കിലോമീറ്റർ വരെ ദൂരെയുള്ള ബെവ്കോ ഔട്ട്‌ലെറ്റുകളിലോ, ബാർ കൗണ്ടറുകളിലോ ആയിരുന്നു. ടോക്കണുമായി ഔട്ട്‌ലെറ്റുകളിൽ കൃത്യസമയത്ത് ഉപഭോക്താക്കൾ എത്തിയെങ്കിലും ടോക്കൺ പരിശോധിക്കാൻ ഔട്ട്‌ലെറ്റുകൾക്ക് മൊബൈൽ ആപ്പ് ഇല്ലാതിരുന്നത് വിനയായി. ഔട്ട്‌ലെറ്റിലെ രജിസ്‌റ്റേഡ് മൊബൈലിലെ ആപ്പ് ഉപയോഗിച്ച് ക്യൂ ആർ കോഡ് പരിശോധിക്കാനാണ് നിർദ്ദേശിച്ചത്. എന്നാൽ ആപ്പ് ഡൗൺലോഡ് ചെയ്‌തെങ്കിലും ഒ.ടി.പി ലഭിച്ചില്ല. ബെവ്കോയ്ക്ക് ഒ.ടി.പി നൽകുന്ന കമ്പനിക്ക് മതിയായ ഒ.ടി.പി ലഭ്യമാക്കാതിരുന്നതാണ് കാരണം. ഇതോടെ ടോക്കണിന്റെ നമ്പരും സമയവും രേഖപ്പെടുത്തി മദ്യം നൽകാൻ ബെവ്‌കോ നിർദ്ദേശിക്കുകയായിരുന്നു.
ക്യൂ ആർ കോഡ് പരിശോധിക്കാൻ ബാറുടമകൾക്കും ആപ്പ് നൽകുമെന്ന് ബെവ്കോ അറിയിച്ചിരുന്നെങ്കിലും അതുമുണ്ടായില്ല. ടോക്കണുമായി ബാറുകളിൽ എത്തിയവർക്ക് ടോക്കൺ നമ്പർ എഴുതിവച്ച് മദ്യം നൽകുകയായിരുന്നു. കൂടുതൽ ഒ.ടി.പി ദായകരെ നിയോഗിച്ച ശേഷം ബുക്കിംഗ് തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. വെള്ളിയാഴ്ചത്തേക്കുള്ള ബുക്കിംഗ് രാത്രിയോടെ ആരംഭിക്കുമെന്ന് ബെവ്കോയും അറിയിച്ചു.
വെർച്വൽ ക്യൂ തകരാറിലായതോടെ മിക്കയിടത്തും സുരക്ഷാ ജീവനക്കാരും പൊലീസും ചേർന്നാണ് ഉപഭോക്താക്കളെ നിയന്ത്രിച്ചത്. ചില ബാറുകളിൽ നിയന്ത്രണങ്ങളില്ലാതെ മദ്യം വിറ്റതും പരാതിക്കിടയാക്കി.
ആപ്പിലൂടെ ബുക്ക് ചെയ്തവർ-2.16 ലക്ഷം