bev-q
ഹലോ ബെവ്‌

തിരുവനന്തപുരം:തുച്ഛമായ തുകയ്ക്ക് കരാറെടുത്ത്,​ ശബരിമല ദർശനത്തിന് തിരക്ക് നിയന്ത്രിച്ച് വെർച്വൽ ക്യൂ ഉണ്ടാക്കിയ ടെക്നോപാർക്ക് കമ്പനി കൈയിലിരിക്കെയാണ് തട്ടിക്കൂട്ട് സ്റ്റാർട്ട് അപ്പിന്റെ ബെവ്ക്യൂ ആപ്പുമായി മദ്യവിതരണത്തിൽ സർക്കാർ നാണംകെട്ടത്.

കൊച്ചിയിലെ സി.പി.എം സൈബർ നേതാവിന്റെ സ്റ്റാർട്ട് അപ്പാണ് ആപ്ലിക്കേഷനുണ്ടാക്കിയത്. 2014മുതൽ കൊച്ചിയിൽ ഐ.ടികമ്പനി നടത്തുന്ന ഇദ്ദേഹം, സർക്കാർ ആനുകൂല്യങ്ങൾ മുതലാക്കാൻ സ്റ്റാർട്ട്അപ് രൂപീകരിക്കുകയായിരുന്നു.

മുൻപരിചയമില്ലാത്ത കമ്പനിയുടെ ആപ്പ് മദ്യവിതരണം താളംതെറ്റിച്ചു.

ഐ.ടി ഭീമനായ ഗൂഗിളിന്റെ ക്ലിയറൻസുണ്ടെന്ന പ്രചാരണവുമായി എത്തിയ ആപ്പിന്റെ ലോഡ് ക്ഷമത വേണ്ടപോലെ പരിശോധിച്ചില്ല എന്നാണ് അറിയുന്നത്. ഡേറ്റാ ചോർച്ചയുണ്ടോ, സുരക്ഷാ വീഴ്ചയുണ്ടോ, ഉദ്ദേശ്യം എന്താണ് എന്നുമാത്രമേ ഗൂഗിൾ പരിശോധിക്കൂ. ലോഡ് ടെസ്റ്റ് ഗൂഗിൾ നടത്തില്ല. ആപ്പിന്റെ ക്ഷമത ഐ.ടിമിഷനും, സ്റ്റാർട്ട് അപ് മിഷനുമായിരുന്നു പരിശോധിക്കേണ്ടത്.

@വെളുക്കാൻ തേച്ചത്...

തിരക്കു നിയന്ത്രിക്കാനാണ് ആപ്പ് ഉണ്ടാക്കിയത്. പക്ഷേ,​ സാങ്കേതിക പിഴവ് കാരണം ബാറുകളുടെയും ബിവറേജുകളുടെയും മുന്നിൽ ജനക്കൂട്ടമായി. ആപ്പ്സ്റ്റോറിൽ ലഭ്യമല്ലാതിരുന്ന ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് ഇടയ്ക്കിടെ അപ്രത്യക്ഷമായി. തൃശൂരിൽ അപേക്ഷിച്ചയാളിന് ടോക്കൺ 58കിലോമീറ്റർ അകലെയുള്ള ഔട്ട്‌ലെറ്റിലേക്ക്. യാത്രാസൗകര്യമില്ലെന്ന് അറിയിച്ചപ്പോൾ പതിനാലു കിലോമീറ്റർ അടുത്തേക്ക് മാറ്റി. ക്വാറന്റൈൻ കേന്ദ്രങ്ങളായ ഹോട്ടലുകൾ പോലും മദ്യവിതരണ പട്ടികയിൽ ഉൾപ്പെട്ടു. ഉപഭോക്താക്കൾക്ക് കമ്പനി നൽകിയ ക്യു.ആർ.കോഡ് സ്‌കാൻ ചെയ്യാനാവാതെ വന്നതോടെ വിൽപ്പനശാലകളിൽ കശപിശയായി.


@സംഭവിച്ചത്

31കമ്പനികളാണ് അപക്ഷിച്ചത്. സ്റ്റാർട്ട്അപ് രജിസ്ട്രേഷനില്ലാത്ത രണ്ടെണ്ണത്തെ ഒഴിവാക്കി. സാങ്കേതിക പ്രദർശനത്തിനെത്തിയത് 26കമ്പനികൾ. റെഡിയായ ആപ്പ് വേണം, മുൻപരിചയമുണ്ടാവണം എന്നൊക്കെയായിരുന്നു വ്യവസ്ഥകൾ.

ടെക്നിക്കൽ ബിഡിൽ എഴുപത് മാർക്കിൽ കൂടുതൽ നേടിയത് അഞ്ച് കമ്പനികളാണ്. സ്‌മാർട്ട് ഇ 3 സൊല്യൂഷൻസ്-86, ഫെയർകോഡ് ടെക്നോളജീസ്-79, കൊളാബറേറ്റീവ് ലേണിംഗ് ലാബ്സ്-77, അഗ്രീഫൈ ടെക്നോളജീസ്-73, ന്യോകാസ് ടെക്നോളജീസ്-71. കുറഞ്ഞ തുക ക്വോട്ട് ചെയ്തത് ഫെയർകോഡാണ്-2.84ലക്ഷം. കൊളാബറേറ്റീവ് 14.75ലക്ഷവും അഗ്രീഫൈ 4.72ലക്ഷവും ക്വോട്ട്ചെയ്തു. മുൻപരിചയം പരിഗണിക്കാതെ കരാ‌ർ ഫെയർകോഡിന് നൽകി.അപ്പോൾ ഫെയർകോഡിന് റെഡിയായ ആപ്പ് ഉണ്ടായിരുന്നില്ല.

രണ്ടു കമ്പനികൾ ഉടൻ ആപ്പ് സജ്ജമാക്കാമെന്നറിയിച്ചു. ഒരു കമ്പനി മൂന്നു ദിവസം ചോദിച്ചു. ഒരു കമ്പനി എസ്. എം. എസ് ചാർജ് ആവശ്യപ്പെട്ടില്ല. രണ്ട് കമ്പനികൾ ഡെവലപ്മെന്റ് ചാർജ് വേണ്ടെന്നറിയിച്ചു.

ഫെയർകോഡ് ഒരാഴ്ച തേടി. രണ്ടാഴ്ചയെടുത്തിട്ടും സംഗതി ശരിയായില്ല. എസ്.എം.എസ് ചാർജായി 12പൈസയാണ് ഇവർ ആവശ്യപ്പെട്ടത്. 15പൈസ അനുവദിച്ചു.
നിത്യേന ഇരുപത് ലക്ഷം എസ്.എം.എസുകളുണ്ടാവും. ഒന്നിന് നാലു പൈസയുടെ ചെലവേയുള്ളൂ. പതിനൊന്ന് പൈസ ലാഭം. മറ്റ് ചിലവെല്ലാം കഴിഞ്ഞ് ഒരുവ‌‌ർഷം കൊണ്ട് 6.3 കോടി ലാഭം.

@സ്റ്റാർട്ട് അപ് തട്ടിക്കൂട്ട്

വൻ കമ്പനികൾ സ്റ്റാർട്ട് അപ്പുണ്ടാക്കി നേടുന്ന ആനുകൂല്യങ്ങൾ ചില്ലറയല്ല. 25ലക്ഷം മൂലധനസഹായം, 10കോടി വായ്പ, സ്റ്റാർട്ട്അപ് സപ്പോർട്ടായി 3ലക്ഷം സബ്സിഡി.

@ഡൽഹി മോഡൽ

ഡൽഹിയിൽ ഒറ്റദിവസം കൊണ്ടാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മദ്യവിതരണത്തിന് ആപ്പുണ്ടാക്കിയത്. ഏത് ബ്രാൻഡ് മദ്യവും ഏറ്റവുമടുത്ത ഏത് ഔട്ട്‌ലെറ്റിലുണ്ടെന്നും വിലയും സ്റ്റോക്കുമെല്ലാം അറിയാം. ഔട്ട്‌ലെറ്റിലെത്തുമ്പോൾ മദ്യം പാഴ്സലാക്കി വച്ചിരിക്കും. ഒരാഴ്ചകൊണ്ട് 110കോടിയുടെ മദ്യമാണ് വിറ്റത്.