തിരുവനന്തപുരം: സ്കൂൾ മുറ്റങ്ങളിൽ ഇന്നലെ മൗനമായിരുന്നു. പരീക്ഷ തീരുന്ന ദിവസത്തിലുള്ള പതിവ് യാത്രപറച്ചിലുകളില്ല. മാസ്കണിഞ്ഞ മുഖങ്ങളിലേക്ക് ഒരു നോട്ടത്തിലോ വാക്കിലോ പറയാനുള്ളതൊക്കെ ഒതുക്കിയാണ് സംസ്ഥാനത്തെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഇന്നലെ വിടപറഞ്ഞത്.
എസ്.എസ്.എൽ.സി പരീക്ഷ കഴിയുന്ന ദിവസം സ്കൂൾ മുറ്റത്ത് സാധാരണ ഒരാരവമാണ്. വേർപിരിയുന്നതിന്റെ സങ്കടവും പരീക്ഷാ സമ്മർദ്ദം അവസാനിച്ചതിലുള്ള സന്തോഷവും ഇടകലർന്ന ആരവം. യൂണിഫോമിൽ സുഹൃത്തുക്കളുടെ പേരുകളെഴുതിയും ചായങ്ങൾ വാരിയെറിഞ്ഞും ചോദ്യപേപ്പർ കീറി കാറ്റത്ത് പറത്തിയുമൊക്കെ യാത്രപറയാറുള്ള കുട്ടികൾ ഇന്നലെ ഒന്നും മിണ്ടിയില്ല.
കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കിടെ സ്നേഹപ്രകടനങ്ങൾക്ക് അവർക്ക് അവസരം ലഭിച്ചില്ല. നിറഞ്ഞ കണ്ണുകളോടെയാണ് പലരും വർഷങ്ങളായി പഠിച്ച സ്കൂളിനോടും ചങ്കായി കൂടെ നടന്ന ചങ്ങാതിമാരോടും യാത്ര പറഞ്ഞത്. കൂട്ടം കൂടരുതെന്നും സൗഹൃദം പങ്കുവയ്ക്കരുതെന്നും സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയിരുന്നു. പേനയോ മറ്റ് സാമഗ്രികളോ കൈമാറരുതെന്നും വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിലുണ്ടായിരുന്നു. ഇനി ഒരു ക്ലാസ് റൂമിൽ ഒന്നിച്ച് പഠിക്കാൻ സാധിക്കുമോയെന്നറിയില്ലെങ്കിലും മഹാവ്യാധിക്കെതിരെയുള്ള പോരാട്ടത്തിനിടെ തങ്ങളുടെ സങ്കടം അത്ര വലുതല്ലെന്ന ബോദ്ധ്യത്തോടെയാണ് വിദ്യാർത്ഥികൾ പടിയിറങ്ങിയത്. നാളെ ഹയർസെക്കൻഡറി പരീക്ഷകളും അവസാനിക്കും.
എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയായി
കൊവിഡ് പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിൽ പുനരാരംഭിച്ച സംസ്ഥാനത്തെ എസ്.എസ്.എൽ.സി പരീക്ഷ പൂർത്തിയായി. രജിസ്റ്റർ ചെയ്ത 4,22,450 വിദ്യാർത്ഥികളിൽ 4,22,112 പേരും (99.92%) ഇന്നലെ പരീക്ഷയ്‌ക്കെത്തി. അവസാനദിനമായതിനാൽ വിദ്യാർത്ഥികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അദ്ധ്യാപകരും ശ്രദ്ധിച്ചു. ചൊവ്വാഴ്ച ആരംഭിച്ച പരീക്ഷയിൽ എല്ലാ ദിവസവും 99.9 ശതമാനത്തിലധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതി.
ഇന്നലെ രാവിലെ നടന്ന പ്ലസ് വൺ പരീക്ഷയിൽ രജിസ്റ്റർ ചെയ്ത 2,50893 പേരിൽ 2,44468 (97.44%) വിദ്യാത്ഥികളും പ്ലസ് ടു പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 1,43510 പേരിൽ 1,41728 ( 98.76% ) പേരും പരീക്ഷയെഴുതി. ഒന്നാംവർഷ വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷയ്ക്ക് 727 പേർ രജിസ്റ്റർ ചെയ്തതിൽ 699 പേർ പരീക്ഷയെഴുതി. രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത 5675 പേരിൽ 31 പേർ മാത്രമാണ് ഹാജരാകാതിരുന്നത്.
എളുപ്പം, രസകരം രസതന്ത്രം
എസ്.എസ്.എൽ.സി പരീക്ഷയുടെ അവസാനദിവസം നടന്ന കെമിസ്ട്രി പരീക്ഷയിൽ ചോദിച്ചതൊക്കെയും എളുപ്പമുള്ള ചോദ്യങ്ങൾ. ജയിക്കാൻ ഇത്തവണ കുട്ടികൾ ബുദ്ധിമുട്ടില്ലെന്നാണ് കരുതുന്നത്. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ ഏറ്റവും അധികം കുട്ടികൾ പരാജയപ്പെട്ട വിഷയമായിരുന്നു കെമിസ്ട്രി. ഇത്തവണ പ്രയാസപ്പെടുത്തുന്ന ചോദ്യങ്ങളൊന്നും ഇല്ലായിരുന്നു. ആവറേജ് നിലവാരത്തിലുള്ള കുട്ടികൾക്കും ഉയർന്ന മാർക്ക് ലഭിച്ചേക്കാം. എല്ലാ ചോദ്യങ്ങളും സിലബസിലുള്ളതുതന്നെയാണ്. സാധാരണ കുഴപ്പിക്കുന്ന ചോദ്യങ്ങൾ വരാറുള്ള ഓർഗാനിക് കെമിസ്ട്രി, മോൾ സങ്കൽപം ഭാഗങ്ങളിൽ നിന്ന് ഇത്തവണ ചോദിച്ചത് എല്ലാ നിലവാരക്കാർക്കും എഴുതാൻ കഴിയുന്ന ലളിതമായ ചോദ്യങ്ങളാണെന്ന് അദ്ധ്യാപകർ പറയുന്നു.
എ പ്ലസ് പ്രതീക്ഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. ഒരുപാട് ചിന്തിച്ച് ഉത്തരമെഴുതേണ്ട ചോദ്യങ്ങളൊന്നും വന്നില്ല. ആദ്യ ഭാഗത്തെ ചോദ്യങ്ങൾക്ക് ഓപ്ഷൻസ് ഉള്ളത് കുട്ടികളെ സഹായിച്ചു. പല ചോദ്യങ്ങളുടെ അകത്ത് തന്നെ അതിന്റെ ഉത്തരങ്ങളുമുണ്ടായിരുന്നു.
- ഡോ. എൽ. ദിവ്യ,
കെമിസ്ട്രി അദ്ധ്യാപിക, ഗവ. എച്ച്.എസ്.എസ് തോന്നയ്ക്കൽ