നെയ്യാറ്റിൻകര: തീരത്തുള്ള കൃഷിയിടങ്ങൾ സമ്പുഷ്ടമാക്കുകയും മൂന്ന് താലൂക്കുകളുടെ ദാഹമകറ്രുകയും ചെയ്യുന്ന നെയ്യാറിനെ സംരക്ഷിക്കാനുള്ള പദ്ധതികളും പ്രഖ്യാപനങ്ങളും കരതൊടാതായതോടെ നാശത്തിലേക്ക് വഴുതി വീണ് നെയ്യാർ. ജൂൺ അഞ്ചിന് വീണ്ടുമൊരു പരിസ്ഥിതി ദിനം കൂടി കടന്നുവരുമ്പോൾ നെയ്യാറിന്റെ ഇരുകളിലെയും മണ്ണിടിച്ച് കൊണ്ടുപോകുന്നത് പോലും തടയാൻ അധികൃതർക്ക് കഴിയുന്നില്ല.ഇടക്കാലത്ത് മണ്ണെടുപ്പ് നിലച്ചിരുന്നെങ്കിലും ഇപ്പോൾ സജീവമാണ്. ചെങ്കല്ല്,​ കളിമൺപാത്രനിർമാണം എന്നിവയ്ക്കാണ് നെയ്യാറിന്റെ കരകളിടിച്ച് അധികവും മണ്ണെടുക്കുന്നത്. മാമ്പഴക്കര മുതൽ പൂവാർ വരെ ഇത്തരത്തിൽ മണ്ണെടുപ്പ് സജീവമാണ്. ചെങ്കൽ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ചെങ്കൽച്ചൂളയിലേക്കാണ് ഇടിച്ചെടുത്ത മണ്ണെത്തുന്നത്. നഗരസഭ പരിധിയിൽ വരുന്ന മാമ്പഴക്കര,​ ചെമ്പരത്തിവിള എന്നിവിടങ്ങളിൽ മണ്ണെടുപ്പ് സജീവമായിരുന്നെങ്കിലും ഇപ്പോൾ ചെറിയ തോതിൽ കുറഞ്ഞിട്ടുണ്ട്. ചെങ്കൽ പഞ്ചായത്തിലെ തന്നെ നൊച്ചിയൂരിൽ കാര്യമായാണ് നെയ്യാറിന്റെ കരകളിടിച്ച് കടത്തുന്നത്. മണ്ണിടിച്ച ഭാഗങ്ങളിലേക്ക് വെള്ളം കയറി ഇപ്പോൾ കരയേത് ആറേത് എന്ന് അറിയാൻ കഴിയാത്ത അവസ്ഥയാണ്. മണലൂറ്റും നെയ്യാറിനെ നശിപ്പിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. പരിയുംമൂട് മുതൽ പൊഴിയൂർ വരെ മണലൂറ്ര് സജീവമാണ്. ഇടക്കാലത്ത് പൊലീസ് നടപടികൾ മണലൂറ്റിന് അറുതി വരുത്തിയിരുന്നെങ്കുലും ഇപ്പോൾ പഴയപടിയായി. നെയ്യാറിനെ സംരക്ഷിക്കാൻ ഒരു വ‍ർഷം മുൻപ് കെ. അൻസലൻ എം.എൽ.എയുടെ നേതൃത്വത്തിൽ അധികൃതരുടെ യോഗം ചേർന്ന് പദ്ധതികൾ അവിഷ്കരിച്ചിരുന്നെങ്കിലും ഇതുവരെ ഒന്നും നടപ്പായിട്ടില്ല.

നെയ്യാറിലെ പുറംപോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്തി പാർശ്വഭിത്തി നിർമിച്ചാൽ മണ്ണെടുപ്പും മണലൂ​റ്റും നിയന്ത്രിക്കാനാകും. പാർശ്വഭിത്തി നിർമിച്ച് നെയ്യാറിന്റെ ഇരുകരകളിലുമായി ബണ്ടുറോഡ് നിർമിക്കണമെന്നാണ് നാട്ടുകാരുടെ മറ്റൊരാവശ്യം. നെയ്യാറിന് കുറുകെ തടയണ നിർമ്മിച്ച് ജലം തടഞ്ഞു നിറുത്തി കൃഷി ആവശ്യത്തിന് ഉപയോഗിക്കാനുള്ള പദ്ധതിയും പാതി വഴിയിലാണ്.
മണലൂറ്റ് കാരണം നദി ഗതിമാറിയൊഴുകിയ ചെങ്കൽ, മാവിളക്കടവ്, തിരുപുറം പ്രദേശങ്ങളിൽ നെയ്യാറിലേക്ക് മണ്ണ് കൊണ്ടിട്ട് നദി നികത്തി പുറംപോക്ക് ഭൂമി പിടിച്ചെടുക്കുന്നതായും പരാതിയുണ്ട്. ഇത്തരത്തിൽ ചെങ്കൽ പ്രദേശത്ത് മണ്ണിട്ട് നികത്തിയതിനെതിരെ പൊഴിയൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുമുണ്ട്. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

മഴയെത്തുമ്പോഴേക്കും നെയ്യാറിലേക്ക് മലിനജല പ്രവാഹം വർദ്ധിക്കും. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നിന്നുള്ള മലിനജലം പൊലീസ് ക്വാർട്ടേഴ്സ് വഴി നെയ്യാറിലേക്ക് ഒഴുകിയെത്തുന്നത് നിയന്ത്രിക്കാൻ നടപടി വേണമെന്നുള്ളത് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. ഇവിടെ മലിനജലം ശേഖരിക്കുന്ന ടാങ്കിനോടൊപ്പം സെപ്ടിക് ടാങ്കും പൊട്ടി ഓടയിലൂടെ നെയ്യാർ കടവിലേക്ക് എത്തും. ഇവിടെയാണ് നെയ്യാറ്റിൻകര വാട്ടർ അതോറിട്ടിയുടെ പ്രധാന ശുദ്ധജല പദ്ധതി പ്രവർത്തിക്കുന്നത്. കൂടാതെ നെടുമങ്ങാട്, കാട്ടാക്കട, നെയ്യാ​റ്റിൻകര താലൂക്കുകളിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നത് നെയ്യാറിൽ നിന്നാണ്. ചെറുതും വലുതുമായ നാല്പതോളം കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്.