കല്ലമ്പലം: നാവായിക്കുളം പ്രൈമറി ഹെൽത്ത് സെന്ററിലെ ആംബുലൻസ് ഡ്രൈവറുടെ രണ്ടാം പരിശോധനാഫലം നെഗറ്റീവ്. ഇയാളുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും പി.എച്ച്.സിയിലെ മറ്റ് ഉദ്യോഗസ്ഥരുടെയും പരിശോധനാഫലവും നെഗറ്റീവായതോടെ നാവായിക്കുളത്തുകാർക്ക് ആശ്വാസമായി. കഴിഞ്ഞ ദിവസം ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച പഞ്ചായത്തുകളിലൊന്നാണ് നാവായിക്കുളം. വൈകിയുള്ള പ്രഖ്യാപനം കാരണം പഞ്ചായത്ത് പരിധിയിൽ കടകൾ ഭാഗീകമായി തുറന്നിരുന്നു. അധികൃതർ ഇത് സംബന്ധിച്ച് പ്രചാരണം നടത്തിയതോടെയാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. പഞ്ചായത്ത് പരിധിയിലെ മൂന്നു സ്കൂളുകളിലും പരീക്ഷകൾ നടന്നു. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമാണ് പ്രവർത്തിച്ചത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശപ്രകാരം തുറന്നു പ്രവർത്തിച്ച പി.എച്ച്.സിയിൽ തിരക്ക് കുറവായിരുന്നു. ഹോട്ട്സ്‌പോട്ട് ലിസ്റ്റിൽ നിന്നു പഞ്ചായത്തിനെ ഒഴിവാക്കിയിട്ടില്ല. കുറച്ചുപേരുടെ ഫലം കൂടി വരാനുണ്ട്. അതുകൂടെ നെഗറ്റീവാകുന്നതോടെ നാവായിക്കുളം സാധാരണനിലയിലാകുമെന്നാണ് പ്രതീക്ഷ. പുതിയ പോസിറ്റീവ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പി.എച്ച്.സിയും പഞ്ചായത്ത് പരിസരവുമെല്ലാം ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയിട്ടുണ്ട്. മേഖലയിലുള്ളവർ എന്തെങ്കിലും രോഗ ലക്ഷണങ്ങൾ സംശയിക്കുന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പുമായി ബന്ധപ്പെടേണ്ടതാണ്.