തിരുവനന്തപുരം: രണ്ടു മാസത്തെ 'വെക്കേഷനു' ശേഷം ഇന്നലെ മദ്യശാലകളിൽ 'പ്രവേശനോത്സവം' ആയിരുന്നു. പക്ഷെ, 'അഡ്മിഷൻ' കിട്ടാനും യോഗം വേണമായിരുന്നു. പ്രവേശനം ആഗ്രഹിച്ചിരുന്ന ലക്ഷങ്ങളെ നിരാശയുടെ ആപ്പിലാക്കി കളഞ്ഞു. മുപ്പത് ലക്ഷം പേർക്ക് ഉപയോഗിക്കാമെന്ന് തള്ളിമറിച്ച 'ബെവ് ക്യൂ' വെറും മൂന്നു ലക്ഷം ആകും മമ്പേ ഇടിച്ചു നിന്നു. ആപ്പിന് വേണ്ടി കാത്ത് ആപ്പിലായവരൊക്കെ വെബ് ക്യൂ ആപ്പ് രൂപകൽപ്പന ചെയ്ത ഫെയർകോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജ് തപ്പിപ്പിടിച്ച് 'പൊങ്കാല'യിട്ടു.
ആപ്പ് വന്നോ മക്കളേ എന്ന് സ്‌മാർട്ട് ഫോൺ ഉള്ളവരോട് തിരക്കി നടക്കുകയായിരുന്നു അപ്പാപ്പന്മാർ. ഒടുവിൽ ആപ്പും 'തേച്ച'പ്പോൾ നിരാശരായി. ഫെയർകോഡ് കമ്പനിക്ക് കുട്ടകണക്കിന് തെറിയാണ് കിട്ടുന്നത്.
'അത്യാവശ്യം കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ള കൊച്ചിയിലെ ഏതെങ്കിലും. തട്ടുകടക്കാരനെ ഏല്പിച്ചിരുന്നെങ്കിൽ ആപ്പ് എപ്പോഴേ റെഡിയായിരുന്നേനെ...'
'ശിവകാശിയിൽ ഓലപടക്കം ഉണ്ടാക്കുന്നവനെയൊക്കെ ബാലിസ്റ്റിക് മിസൈൽ ഉണ്ടാക്കാൻ ഏൽപിച്ച പോലെ ആയി കഷ്ടം തന്നെ മുതലാളി...' സഭ്യത കൈവിടാതെയുള്ള കമന്റുകളാണിത്.
'ആപ്പ് ശരിയായില്ലെങ്കിൽ സാമൂഹ്യ അകലം പാലിച്ച് ക്യൂ നിന്ന് വാങ്ങാനെങ്കിലും അനുവദിക്കണം. അത്രയ്ക്ക് മോഹിച്ചു പോയി' എന്ന തരത്തിലുള്ള ദയനീയ അഭ്യർത്ഥനവരെ സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നുണ്ട്.
ബുക്കിംഗ് തുടങ്ങിയപ്പോൾ പാസ്‌വേഡ് കിട്ടുന്നില്ല. പാസ്‌വേഡ് കിട്ടിയാൽ ദൂരയെവിടെയെങ്കിലുമുള്ള മദ്യശാലയുടെ പേരാകും ലഭിക്കുക.
ഒരു തവണ ഒ.ടി.പി ലഭിക്കാതെ ആദ്യ പേജിലേക്ക് തിരിച്ചുപോയാൽ പേരും ഫോൺ നമ്പരും വീണ്ടും രേഖപ്പെടുത്തണം. കഷ്ടകാലത്തിന് ഫോൺ നമ്പരോ, പിൻകോഡോ തെറ്റിയാൽ അത് ബുക്ക് ചെയ്യുന്നയാളെ അറിയിക്കില്ല. വാങ്ങുന്നവന്റെ സൗകര്യമനുസരിച്ചുള്ള തിയതിയോ സമയമോ ലഭിക്കില്ല. ബുക്ക് ചെയ്തത് സ്വയം റദ്ദാക്കാനുമാകില്ല. ക്യുആർ കോഡുമായി ചെന്നാൽ സ്‌കാൻ ചെയ്യാനുള്ള ആപ്ലിക്കേഷൻ വിൽപനകേന്ദ്രങ്ങളിൽ ഇല്ല.
ആപ്പ് ശരിയാകാത്തതിനെ കുറിച്ച് ചാനൽ കാമറയ്ക്കു മുന്നിൽ പ്രതികരിച്ച സ്മാർട്ട് ഫോൺപോലുമില്ലാത്ത ഉപഭോക്താക്കളുടെ വാക്കുകൾ മിക്കതും പ്രക്ഷേപണം ചെയ്തപ്പോൾ 'ബീപ്പ്' ചെയ്യേണ്ടി വന്നു.
ലോക്ക് ഡൗണിൽ ബാറുകൾക്കും ബിവറേജസ് ഔട്ട്ലെറ്റുകൾക്കും പൂട്ടു വീണപ്പോൾ 'വാറ്റി'നുവേണ്ടി അലഞ്ഞു. 500 രൂപയ്ക്കുള്ള വാറ്റിന് 2500 രൂപയെന്ന് കേട്ടപ്പോൾ ഞെട്ടിത്തെറിച്ചു. ആയുർവേദ കടകളിൽ അരിഷ്ടം കാലിയായപ്പോൾ ഉള്ളു നീറി 2500 കൊടുത്ത് വാറ്റടിച്ച് നെഞ്ചുനീറി. പിന്നാലെ തമിഴ്നാട്ടിൽ നിന്നു വരുന്ന 'ടാസ് മാക്'സാധനം ഇരട്ടിവിലയ്ക്ക് വാങ്ങിയടിച്ചു. സംസ്ഥാനം മദ്യത്തിന് വീണ്ടും വില ഉയർത്തിയപ്പോൾ 'വാറ്റ് സ്മരണ'യിൽ ആശ്വസിച്ച മലയാളികൾക്കാണ് ഇപ്പോൾ ആപ്പ് പണി കൊടുത്തത്.