border-pic1

കുഴിത്തുറ: ഡൽഹിയിൽ നിന്നു ട്രെയിനിൽ എത്തിയ തമിഴ്‍നാട് സ്വദേശികളെ ഇ-പാസ് ഇല്ലാത്ത കാരണത്താൽ കളിയിക്കാവിള ചെക്ക്‌പോസ്റ്റിൽ തടഞ്ഞു. ജലപാനമില്ലാതെ മണിക്കൂറോളം ഇവർക്ക് തമിഴ്നാട് സർക്കാരിന്റെ ദയവും കാത്തിക്കേണ്ടിവന്നു. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് രാജധാനി എക്സ്‌പ്രസ്‌ ട്രെയിനിൽ ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയ 59 തമിഴ്നാട് സ്വദേശികൾക്കാണ് ഈ ദുരനുഭവം. തമിഴ്നാട് സർക്കാരിന്റെ വാഹനമോ ഉദ്യോഗസ്ഥരോ എത്താത്തതിനെ തുടർന്ന് രാവിലെ 7 ന് കെ.എസ്.ആർ.ടി.സി ബസിലാണ് ഇവരെ കളിയിക്കാവിള ചെക്‌പോസ്റ്റിൽ എത്തിച്ചത്. എന്നാൽ അവിടെ ചെക്ക്പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസുകാരും ഇവരെ ഇ -പാസ് ഇല്ലാത്തതിനാൽ അതിർത്തിയിൽ തടയുകയായിരുന്നു. എന്നാൽ ഇവർ ഉടൻ തന്നെ പാസിന് അപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവർക്ക് വെള്ളമോ ഭക്ഷണമോ പോലും അധികൃതർ നൽകിയില്ല. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തമിഴ്നാട് ദൃശ്യ മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചതോടെ കന്യാകുമാരി സ്വദേശികളായ 23 പേരെ വൈകിട്ട് 3.30ന് തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിൽ കൊല്ലങ്കോടുള്ള ലോഡ്‌ജിൽ ക്വാറന്റൈൻ ചെയ്തു. ബാക്കിയുള്ളവരെ 5 ന് അതിർത്തി കടത്തി വിടുകയായിരുന്നു. കേരള സർക്കാർ ചെയ്ത കാട്ടിയ ദയവു പോലും തമിഴ്നാട് സർക്കാർ കാണിച്ചില്ലെന്നും കൈക്കുഞ്ഞിനെയും കൊണ്ട് മണിക്കൂറോളം വെയിലത്തിരുന്നിട്ടും യാതൊരു ദയവും കാണിക്കാത്ത തമിഴ്നാട് സർക്കാരിന്റെ നിലപാടിനെതിരെ യാത്രക്കാർക്കിടയിൽ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്.