തിരുവനന്തപുരം: വിദേശമദ്യ വില്പനയ്ക്കുള്ള ബെവ്കോയുടെ മൊബൈൽ 'ആപ്പ്' വരുന്നതിന് മുമ്പ് വ്യാജ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായതിനെക്കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഹൈടെക് ക്രൈം എൻക്വയറി സെൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നിറുത്തിവച്ച വിദേശമദ്യവില്പന പുനരാരംഭിച്ചപ്പോൾ, ആദ്യദിവസം 2.25ലക്ഷം പേർ ടോക്കൺ സംവിധാനം ഉപയോഗപ്പെടുത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് ബെവ് ക്യു ആപ്പ് വഴി മദ്യവില്പന. ക്രമസമാധാന പ്രശ്നങ്ങളൊന്നും ആദ്യ ദിനത്തിൽ ഉണ്ടായില്ല. വരും ദിവസങ്ങളിൽ സാങ്കേതിക തടസങ്ങളില്ലാതെ മുന്നോട്ട് പോകാനാവുമെന്ന് എക്സൈസ് വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊവിഡ് വ്യാജ വാർത്ത:
കർശന നടപടി
ഗൾഫിൽ നിന്നെത്തിയ ചിലർ ക്വാറന്റൈനിൽ കഴിയാതെ പുറത്തിറങ്ങി നടക്കുന്നതായി കാണിച്ച്, ചിത്രങ്ങൾ മോർഫ് ചെയ്തുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല.വ്യാജവാർത്തകളുടെ ഉറവിടം അന്വേഷിക്കാൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് സൈബർ ഡോമുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡിനെപ്പറ്റി പരിഭ്രാന്തി പരത്തുന്ന വ്യാജവാർത്തകൾ സൃഷ്ടിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.