തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ വികൃതമായി ചിത്രീകരിക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ശ്രമിക്കുന്നുവെന്ന്, കേന്ദ്രമന്ത്രി വി. മുരളീധരന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.
രോഗബാധയെയും മരണത്തെയും ഒളിക്കാനോ മറയ്ക്കാനോ ആർക്കും കഴിയില്ല. വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകൾ പൂഴ്ത്തുന്നുവെന്ന ആക്ഷേപത്തിലൂടെയും കേരളത്തിന്റെ മുന്നേറ്റത്തെ മറച്ചുവയ്ക്കാനാവില്ല. കൊവിഡ് ടെസ്റ്റുകളുടെ കണക്ക് തെറ്റായിപ്പറഞ്ഞതിന് കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളുണ്ടാവാം. അതിൽ കേരളമില്ല. അഭിനന്ദന വാക്കുകളേ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൽ നിന്നടക്കമുണ്ടായിട്ടുള്ളൂ. കേന്ദ്രമന്ത്രി വി. മുരളീധരനുള്ള മറുപടിയാണോ ഇതെന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, താൻ വസ്തുതകളാണ് പറഞ്ഞതെന്നും ഏതെങ്കിലും ആളെപ്പറ്റി പറയാനില്ലെന്നുമായിരുന്നു മറുപടി. സംശയങ്ങൾ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരിൽ നിന്നുണ്ടായാൽ വസ്തുതകൾ പറയേണ്ടേ?-മുഖ്യമന്ത്രി ചോദിച്ചു.
രോഗബാധ ഏറ്റവും
കുറവ് കേരളത്തിൽ
കേരളത്തിന്റെ കൊവിഡ് പ്രതിരോധം വ്യത്യസ്തമാകുന്നത് ജനങ്ങളുടെയും സർക്കാരിന്റെയും ഐക്യത്തിലാണ്. അതുകൊണ്ടാണ് ലോകശ്രദ്ധ ഇങ്ങോട്ട് തിരിയുന്നത്. സമ്പർക്കത്തിലൂടെ രോഗബാധ ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. രോഗം ബാധിച്ചവരെ ചികിത്സിച്ചില്ലെങ്കിൽ മരണത്തിനിരയാവും. ദേശീയ മരണ നിരക്ക് 2.8 ശതമാനമായിരിക്കെ, കേരളത്തിലിത് 0.5 മാത്രമാണ്. രോഗമുക്തിയിലും കേരളമാണ് മുന്നിൽ. ഐ.സി.എം.ആറിന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് രോഗവ്യാപനം തടയാൻ ശ്രമിക്കുന്നതിന് കേരളത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം പരസ്യമായി അഭിനന്ദിച്ചു. കേരളത്തിന്റെ മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തണമെന്നും പറഞ്ഞു.
തുടക്കത്തിൽ, ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ മാത്രമായിരുന്നു സ്രവ പരിശോധനയ്ക്ക് സൗകര്യം. സംസ്ഥാനസർക്കാരിന്റെ നിരന്തര ശ്രമഫലമായി 15 സർക്കാർ സ്ഥാപനങ്ങളിൽ ടെസ്റ്റിംഗ് സൗകര്യമേർപ്പെടുത്തി. അഞ്ച് സ്വകാര്യ ലാബുകൾക്കും ഐ.സി.എം.ആറിന്റെ അംഗീകാരമുണ്ടായി.
ആദ്യഘട്ടത്തിൽ വളരെക്കുറച്ച് ടെസ്റ്റിംഗ് കിറ്റുകളാണ് ലഭിച്ചത്. പുറത്ത് നിന്ന് കൂടുതൽ ആളുകളെത്തിത്തുടങ്ങിയതിനാൽ , ദിവസം 3000 ടെസ്റ്റുകളാണിനി ചെയ്യുന്നത്. ആന്റിബോഡി ടെസ്റ്റിന് ഐ.സി.എം.ആർ നൽകിയ കിറ്റുകൾക്ക് ഗുണനിലവാരമില്ലാത്തതിനാൽ ഉപയോഗിക്കേണ്ടെന്ന് അവർ നിർദ്ദേശിച്ചതിനാൽ,അത് വ്യാപകമാക്കാനായില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജലദോഷപ്പനിക്കാർക്കും
ഇനി കൊവിഡ് ടെസ്റ്റ്
ജലദോഷപ്പനിയുള്ളവരെയും ഇനി ഐ.സി.എം.ആർ മാർഗ്ഗനിർദ്ദേശപ്രകാരം കൊവിഡ് ടെസ്റ്റിന് വിധേയമാക്കും.കൊവിഡിന് സമാന ലക്ഷണമുള്ളതിനാലാണിത്
കേരളത്തിൽ ഇന്നത്തെ സാഹചര്യം വിലയിരുത്തിയാൽ, നാളെ സമൂഹവ്യാപനമുണ്ടാവില്ലെന്ന്
ഉറപ്പിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സമൂഹത്തിൽ രോഗം പടരുന്നുണ്ടോയെന്നറിയാനാണ് സെന്റിനൽ സർവൈലൻസ് ടെസ്റ്റ് . കേരളത്തിൽ ഇത് നല്ല നിലയിലാണ് നടക്കുന്നത്. രോഗവ്യാപനം തടഞ്ഞുനിറുത്താനാകുമെന്ന ആത്മവിശ്വാസമാണുള്ളത്. ജാഗ്രത നല്ലത് പോലെ തുടർന്നാൽ രോഗവ്യാപനം തടയാം. . രോഗികളുടെ എണ്ണം കൂടിയെങ്കിലും അതിൽ ഭൂരിഭാഗവും പുറത്തുനിന്ന് വന്നവരാണ്.
പാവപ്പെട്ടവർക്ക്
ക്വാറന്റൈൻ ഫീസില്ല
വിദേശത്ത് നിന്നെത്തുന്ന പ്രവാസികളിൽ പാവപ്പെട്ടവർക്ക് സ്ഥാപന ക്വാറന്റൈന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലല്ലേ ഉത്തരവ് വേണ്ടൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്വാറന്റൈൻ ഫീസ് സാമ്പത്തികസൗകര്യമുള്ളവർക്കായിരിക്കും. അതും നടപ്പാക്കിത്തുടങ്ങിയിട്ടില്ല. അതുവരെ എല്ലാവർക്കും സൗജന്യമാണ്. അതിന്റെ ക്രമീകരണങ്ങൾ തയാറായി വരുമ്പോൾ ഉത്തരവുമുണ്ടാകും. പാവപ്പെട്ടവർക്ക് ഒരു കാശും മുടക്കേണ്ടി വരില്ലെന്നും അക്കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.