parthas

തിരുവനന്തപുരം: നഗരത്തിലെ പടിഞ്ഞാറ്, കിഴക്ക് ഭാഗത്തെ ബന്ധിപ്പിക്കുന്നതും പ്രധാന വ്യാപാര കേന്ദ്രവുമായ പവർഹൗസ് റോഡ് വെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ട് ഏറ്റവും കൂടുതൽ ബാധിച്ചത് പവർഹൗസ് റോഡിനെയും ചുറ്റുമുള്ള പ്രദേശങ്ങളെയുമാണ്. പാ‌ർത്ഥാസ് അടക്കമുള്ള കടകളെല്ലാം വെള്ളക്കെട്ടിൽ കഷ്ടത്തിലായി. കടയിലേക്ക് വാഹനത്തിൽ പോലും എത്താനാവാത്ത സ്ഥിതിയാണ്. ലോക്ക് ഡൗൺ മൂലം രണ്ടുമാസത്തെ വ്യാപാരനഷ്ടത്തിൽ കഷ്ടപ്പെടുന്ന വ്യാപാരികളെ വെള്ളക്കെട്ട് സാരമായി ബാധിച്ചിരിക്കുകയാണ്. ഇതുവഴിയുള്ള റോഡ് ഗതാഗതവും തടസപ്പെട്ടു. പാലത്തിനടിയിൽ പാർക്ക് ചെയ്‌തിരുന്ന കടകളിലെത്തിയവരുടെ വാഹനങ്ങളിലും വെള്ളം കയറി. ഇരുചക്രവാഹനങ്ങൾ പലതും തകരാറിലായി. പവർ ഹൗസ് റോഡിലെ ഓടകളിൽ മാലിന്യം നിറഞ്ഞതാണ് വെള്ളം ഒഴുകിപ്പോകാത്തതെന്ന് പ്രദേശവാസികളും വ്യാപാരികളും പറഞ്ഞു. ഒരു ചെറിയ മഴയിൽപ്പോലും ഇൗ പ്രദേശത്ത് വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ്. തമ്പാനൂരും അട്ടക്കുളങ്ങരെയും വെള്ളക്കെട്ട് പരിഹരിക്കാൻ ഓടിനടന്ന് സന്ദർശനം നടത്തുന്ന അധികാരികൾ ഇവിടെ ഒന്നു തിരിഞ്ഞു നോക്കാറു പോലുമില്ലെന്നും ഇവർക്ക് പരാതിയുണ്ട്. വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയാൽ ദിവസങ്ങളെടുക്കും അതു വറ്റിപ്പോകാൻ, മഴ കൂടിയാൽ പറയുകയും വേണ്ട. പാലത്തിൽ നിന്നു ഒഴുകിയെത്തുന്ന വെള്ളവും മഴവെള്ളത്തോടൊപ്പം ഇൗ താഴ്ന്ന പ്രദേശത്ത് കെട്ടിക്കിടക്കും. ഇനി ഇതു മാറ്റണമെങ്കിൽ വ്യാപാരികൾ തന്നെ പണം മുടക്കേണ്ടി വരും. പവർഹൗസ് റോഡിൽ വെള്ളക്കെട്ടുണ്ടായാൽ പാർത്ഥാസ്, റെയിൽവേ സ്റ്റേഷൻ ബെവ്കോ സൂപ്പർമാർക്കറ്റ് തുടങ്ങിയവയടക്കം പ്രധാനസ്ഥാപനങ്ങളെല്ലാം ഒറ്റപ്പെടുന്ന സ്ഥിതിയാണ്. പിന്നാലെ രൂക്ഷമായ ഗതാഗതക്കുരുക്കും ഉണ്ടാകും. രണ്ടുദിവസം കഴിഞ്ഞാൽ കാലവർഷം തുടങ്ങുമെന്നിരിക്കെ വെള്ളക്കെട്ട് അടിയന്തരമായി പരിഹരിക്കണമെന്നുള്ള ആവശ്യമാണ് വ്യാപാരികൾക്കുള്ളത്. മഴക്കാല പൂർവ ശുചീകരണം കാര്യക്ഷമമാകാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.

ഫോട്ടോ: പാർത്ഥാസിനു മുന്നിലെ വെള്ളക്കെട്ട്