തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കാനിരിക്കെ ഒരു വിഭാഗം സ്വകാര്യ, അൺ എയ്ഡഡ് സ്കൂളുകൾ ഫീസ് കുത്തനെ ഉയർത്തി. 2000 രൂപ വരെയാണ് ചില സ്ഥാപനങ്ങൾ വർദ്ധിപ്പിച്ചത്. ഓൺലൈൻ സൗകര്യം ഒരുക്കാൻ വേണ്ടിയാണെന്ന് മാനേജ്മെന്റുകൾ പറയുന്നു. പി.ടി.എ യോഗം വിളിച്ച് ബോധ്യപ്പെടുത്താൻ ചില മാനേജ്മന്റുകൾ ശ്രമിക്കുന്നുണ്ട്. സ്കൂൾ തുറന്നുള്ള പഠനം എന്നുതുടങ്ങുമെന്ന് നിശ്ചയമില്ലെങ്കിലും ഉടൻ ഫീസ് അടയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ലോക്ക് ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെടുകയും വരുമാനം കുറയുകയും ചെയ്ത രക്ഷിതാക്കൾ ഇതോടെ വെട്ടിലായി.കുട്ടികൾക്ക് വീട്ടിൽ ഓൺലൈൻ സൗകര്യം ഒരുക്കാൻതന്നെ നല്ലൊരു തുക വേണം. ഇതിനു പുറമേയാണ് സ്കൂളുകളിൽ ഒരുക്കുന്ന സംവിധാനത്തിന്റെ പേരിൽ വൻതുക ഈടാക്കുന്നത്. സ്കൂളുകളുടെ നിലപാടിൽ കടുത്ത അമർഷം ഉണ്ടെങ്കിലും എതിർക്കാൻ കഴിയാത്ത നിസഹായാവസ്ഥയിലാണ് രക്ഷിതാക്കൾ.
പഠന പദ്ധതി
# ജൂൺ ഒന്നിന് ഓൺലൈൻ ക്ളാസുകൾക്ക് തുടക്കം
# വിക്ടേഴ്സ് ചാനൽ വഴി വിദഗ്ദ്ധരുടെ ക്ലാസുകൾ
# സംശയ നിവാരണം ഓരോ വിഷയത്തിലും ഓൺലൈൻ വഴി അതതു സ്കൂളുകളിലെ അദ്ധ്യാപകർ
പഠന സൗകര്യം
# പൊതുവിദ്യാലയങ്ങളിലെ 2.61 ലക്ഷം കുട്ടികൾ ടി.വി ഇന്റർനെറ്റ് സൗകര്യമില്ലാത്തവർ. ഇവർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സൗകര്യം ഒരുക്കാൻ നീക്കം
# മറ്റു വിദ്യാർത്ഥികൾക്ക് രക്ഷിതാക്കൾ മൊബൈൽ, ഇന്റർനെറ്റ് അടക്കമുള്ള സംവിധാനം ഏർപ്പെടുത്തണം.
# സ്വകാര്യ വിദ്യാലയങ്ങൾ ലാപ്ടോപ്പോ, വെബ് കാം സൗകര്യമോ ഒരുക്കാൻ വിദ്യാർത്ഥികൾക്ക് നിർദേശം നൽകി.
സ്കൂളുകൾ ഫീസ് കൂട്ടരുത്: മുഖ്യമന്ത്രി
കൊവിഡ്-19 മൂലമുണ്ടായിട്ടുള്ള പ്രതിസന്ധിയുടെ കാലത്ത് വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പിഴിയുന്ന സ്വഭാവം സ്വകാര്യ സ്കൂളുകൾ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു സ്കൂളും ഈ ഘട്ടത്തിൽ ഫീസ് കൂട്ടരുത്. ജനങ്ങളുടെ ഭാരം ലഘൂകരിക്കുകയാവണം ഇപ്പോഴത്തെ ലക്ഷ്യം. അതിന് വിരുദ്ധമായ സമീപനം ആരുടെ ഭാഗത്ത് നിന്നുമുണ്ടാവരുത്.
വർദ്ധിപ്പിച്ച ഫീസടച്ചതിന്റെ രസീതുമായെത്തിയാലേ അടുത്ത വർഷത്തെ പുസ്തകങ്ങൾ തരൂ എന്ന് ചില സ്കൂളുകളിൽ നിന്ന് പറഞ്ഞതായി പരാതികളുണ്ട്. പുതിയ സാഹചര്യത്തിനനുസൃതമായി പഠനരീതി ക്രമീകരിക്കുകയും വേണ്ട മാറ്റങ്ങൾ വരുത്തുകയുമാണ് വിദ്യാഭ്യാസമേഖലയിൽ അടിയന്തരപ്രാധാന്യത്തോടെ നടത്തേണ്ടത്. അത് സ്വകാര്യസ്കൂളുകൾക്കും ബാധകമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സ്‌കൂളുകൾക്ക് ഫീസ് നിയന്ത്രണ സംവിധാനം വേണം:
ബാലാവകാശ കമ്മിഷൻ
സംസ്ഥാനത്തെ സ്വകാര്യ, അൺ എയ്ഡഡ് സ്‌കൂളുകളിലെ ഫീസ് ഘടന നിശ്ചയിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംവിധാനം ഏർപ്പെടുത്തണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി. സുരേഷ്, അംഗങ്ങളായ ഫാ. ഫിലിപ്പ് പരക്കാട്ട്, കെ. നസീർ എന്നിവർ ഉൾപ്പെട്ട ഫുൾ ബെഞ്ച് സർക്കാരിന് ശുപാർശ നൽകി. നിയമനിർമാണം നടപ്പാകുന്നതുവരെ ഫീസ് ഘടന നിശ്ചയിക്കുന്നതിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. കേരള സ്വാശ്രയ പ്രൊഫഷണൽ കോളേജ് ആക്ട് 2004 ന്റെ മാതൃകയിലുള്ള സംവിധാനമാണ് നടപ്പാക്കേണ്ടത്. ഇതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ സെക്രട്ടറി ചെയ്യേണ്ടതാണ്.