വിതുര: പൊന്മുടി- തിരുവനന്തപുരം സംസ്ഥാന പാതയിൽ വിതുര പേരയത്തുപാറ ജംഗ്ഷന് സമീപം പ്രദേശവാസികൾക്ക് ഭീഷണിയായി ആഞ്ഞിലി മരത്തിൽ കൂടുകെട്ടിയിരുന്ന തേനീച്ചകളെ നീക്കം ചെയ്തു തുടങ്ങി. കൂറ്റൻ ആഞ്ഞിലി മരത്തിൽ അമ്പതിൽ പരം കൂടുകൾ ഉണ്ട്. ഒരാഴ്ച കൊണ്ട് മുഴുവൻ കൂടുകളും നീക്കം ചെയ്യും. രാത്രിയിൽ പ്രദേശത്തെ വൈദുതി ബന്ധം വിച്ഛേദിച്ചശേഷം പൊലീസിന്റെയും, ഫയർഫോഴ്‌സിന്റെയും സഹായതോടെയാണ് കൂടുകൾ നശിപ്പിക്കുന്നത്. മരത്തിൽ ചേക്കേറിയിരിക്കുന്ന തേനീച്ചകൾ അനവധി തവണ ഇളകി നാട്ടുകാരെ ആക്രമിച്ചിട്ടുണ്ട്. വിതുര എം.ജി.എം സ്കൂൾ, വിതുര ഗവ. ഹൈസ്കൂൾ,യു.പി.എസ്, തൊളിക്കോട് എ.ആർ.ആർ.സ്കൂൾ, ആനപ്പെട്ടലെന സ്കൂൾ,തൊളിക്കോട് ഹൈസ്കൂൾ, യു.പി.എസ് എന്നിവിടങ്ങളിലേക്കായി നൂറുകണക്കിന് വിദ്യാർത്ഥികൾ കടന്നുപോകുന്നത് ഈ മരത്തിന് സമീപത്തകൂടെയാണ്. തേനീച്ചകൾ ഇവിടെ ചേക്കേറിയിട്ട്പത്തിൽ കൂടുതൽ വർഷമായി. ഇൗ മരത്തിന് സമീപം ധാരാളം വീടുകളുണ്ട്. തേനീച്ചകൾ ഇളകി വിദ്യാർത്ഥികളെ ആക്രമിച്ചിട്ടുമുണ്ട്. സ്കൂൾ അധികൃതരും നാട്ടുകാരും അന്ന് അനവധി തവണ ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടും തേനീച്ചകളെ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുന്നിലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ആദ്യം ഒരുമരത്തിൽ കൂടുകൂട്ടിയ തേനീച്ചകൾ പിന്നീട് സമീപത്തെ രണ്ട് മരങ്ങളിലേക്കായി പടർന്നു. ഇപ്പോൾ പ്രദേശത്തെ ഏറ്റവും വലിയ ആഞ്ഞിലിമരത്തിൽ അൻപതോളം കൂടുകളാണ് ഉള്ളത്. സ്കൂൾ വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഒരുപോലെ പേടിസൃഷ്ടിക്കുന്ന ഈ തേനീച്ച കൂട് ഇളകി ബസ് യാത്രക്കാരെയും ആക്രമിച്ചു. ഇതോടെ തേനീച്ചകളെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു യൂത്ത് കോൺഗ്രസും, കോൺഗ്രസും ബന്ധപ്പെട്ടവർക്ക് നിവേദനം നൽകിയിട്ടുണ്ട്. തേനീച്ച ശല്യത്തെ കുറിച്ച് കേരള കൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വിതുര പഞ്ചായതും, നെടുമങ്ങാട് തഹസിദാരും, കളക്ടറും പ്രശ്നത്തിൽ ബന്ധപ്പെട്ടു. അടിയന്തരമായി തേനീച്ച കൂടുകൾ നീക്കം ചെയ്യുവാൻ കളക്ടർ ഉത്തരവിട്ടതിനെ തുടർന്നാണ് ഇന്നലെ മുതൽ തേനീച്ചകൂടുകൾ നീക്കം ചെയ്തു തുടങ്ങിയത്.