തിരുവനന്തപുരം:ട്രെയിൻ മാറിക്കയറി തിരുവനന്തപുരത്ത് എത്തിയ കൊവിഡ് ബാധിതനായ തെലങ്കാന സ്വദേശി ജനറൽ ആശുപത്രിയിൽ മരിച്ചു.
കഴിഞ്ഞ 22ന് ജയ്‌പൂർ–തിരുവനന്തപുരം സ്‌പെഷ്യൽ ട്രെയിനിൽ കുടുംബാംഗങ്ങൾക്ക് ഒപ്പം എത്തിയ അഞ്ജയ്‌യാണ് (68) മരിച്ചത്.
തെലങ്കാന ട്രെയിനെന്നു കരുതി കയറുകയായിരുന്നു. യാത്രാരേഖകൾ ഇല്ലാതിരുന്ന കുടുംബം പൂജപ്പുര ഐ.സി.എമ്മിൽ നീരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതോടെയാണ് ആശുപത്രിയിലാക്കിയത്. ഇന്നലെ ലഭിച്ച സ്രവപരിശോധനാ ഫലത്തിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മതാചാരപ്രകാരം ഇവിടെ സംസ്കരിക്കും. ഭാര്യയും രണ്ടു കുട്ടികളും മറ്റ് രണ്ടു കുടുംബാംഗങ്ങളും പൂജപ്പുരയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.