r

കാസർകോട്: മിയാപ്പദവ് ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തിയ കേസിന്റെ വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കും. മിയാപ്പദവ് സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വെങ്കിട്ടരമണ കരന്തര (40) കേസിലെ ഒന്നാംപ്രതിയും സുഹൃത്ത് നിരഞ്ജൻ (22) രണ്ടാംപ്രതിയുമാണ്.

ഇരുവർക്കുമെതിരെ കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. സതീഷ് കുമാർ കാസർകോട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണാ നടപടികൾ ജൂൺ ആറിന് ജില്ലാ കോടതിയിൽ ആരംഭിക്കും. കോടതിയുടെ പ്രവർത്തനം സാധാരണ നിലയിലായാൽ പ്രതികളെ നേരിട്ട് കോടതിയിൽ ഹാജരാക്കും. പ്രതികളെ കേസിന്റെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതടക്കമുള്ള നടപടിക്രമങ്ങളാണ് വിചാരണയ്ക്ക് മുന്നോടിയായി നടക്കേണ്ടത്. അതിനുള്ള സാഹചര്യമുണ്ടായില്ലെങ്കിൽ കേസ് നീട്ടിവെക്കാനും സാദ്ധ്യതയുണ്ട്.

അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചതിനാൽ രണ്ട് പ്രതികളും ഇപ്പോഴും റിമാൻഡിൽ തന്നെയാണ്. 2020 ജനുവരി 18ന് കുമ്പള പെർവാഡ് കടപ്പുറത്താണ് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. ജനുവരി 16ന് രാവിലെ സ്‌കൂളിലേക്ക് പോയ രൂപശ്രീയെ കാണാതായതിനെ തുടർന്ന് ഭർത്താവ് നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കടപ്പുറത്ത് കണ്ടെത്തിയത്. ഭർത്താവും ബന്ധുക്കളും സംശയം പ്രകടിപ്പിപ്പിച്ച് ഉന്നത തലത്തിൽ പരാതി നൽകിയതോടെ അന്വേഷണചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വെങ്കിട്ടരമണയുടെ വീട്ടിലെ കുളിമുറിയിലെ ബക്കറ്റിൽ മുഖം അമർത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് രൂപശ്രീയെ കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.