തിരുവനന്തപുരം : നഗരത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വന്ന കരിക്കകം സ്വദേശി ബ്ലേഡ് രഞ്ജിത്ത് എന്ന രഞ്ജിത്തിനെ ആറ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. ആഞ്ചാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി സി.ജെ. ഡന്നിയുടേതാണ് വിധി.
വിദ്യാർത്ഥികൾക്ക് കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് രഞ്ജിത്ത് പിടിയിലായത്. 2015 മാർച്ച് 27 നാണ് തെെക്കാട് റയിൽവേ ഒാഫീസിന് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളായിരുന്നു ഇയാളുടെ ഉപഭോക്താക്കൾ. സ്കൂൾ വിദ്യാർത്ഥികൾക്ക് സുലഭമായി കഞ്ചാവ് ലഭിക്കുന്നതിനെ സംബന്ധിച്ച് നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു.
പിടിയിലാകുമ്പോൾ പ്രതിയുടെ കൈയിൽ നിന്ന് വിപണിയിൽ എൺപത്തി എണ്ണായിരം രൂപ വിലയുളള കഞ്ചാവും പൊലീസ് പിടിച്ചെടുത്തിരുന്നു. ജുഡിഷ്യൽ കസ്റ്റഡിയിലിരുന്നാണ് ഇയാൾ വിചാരണ നേരിട്ടത്. കസ്റ്രഡിയിലായിരിക്കെ സഹതടവുകാരനെ മർദ്ദിച്ച കേസിൽ ഇയാളെ നേരത്തെ കോടതി ഒന്നര വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ ഗീനാകുമാരി ഹാജരായി.