വെഞ്ഞാറമൂട് :നെല്ലനാട് പഞ്ചായത്ത് ഹോട്ട് സ്‌പോട്ടാക്കിയത് അറിയിച്ചില്ലന്ന് പ്രസിഡന്റ് സുജിത് എസ്.കുറുപ്പ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പഞ്ചായത്ത് ഹോട്സ്‌പോട്ടിൽ ഉൾപ്പെട്ട വാർത്ത അറിഞ്ഞത് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലൂടെയാണ്. ഇത് അറിഞ്ഞതിനുശേഷം കളക്ടറുടെ ഫേസ്ബുക് പേജ് നോക്കിയാണ് കാര്യങ്ങൾ വ്യക്തതമാക്കിയത്. ഇതേകുറിച്ചുള്ള ഔദ്യോഗിക വിവരം പഞ്ചായത്തിലോ പൊലീസ് സ്റ്റേഷനിലോ മെഡിക്കൽ ഓഫീസർമാർക്കോ ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊന്നും ആലോചിക്കാതെ നെല്ലനാട് പഞ്ചായത്തിനെ മാത്രം ഉൾപ്പെടുത്തി ഹോട്സ്പോട്ടാക്കിയത് തികച്ചും അശാസ്ത്രീയമായ തീരുമാനമാണന്നും അദ്ദേഹം പരാതിയിൽ പറഞ്ഞു. റിമാൻഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം എം.എൽ.എ ഡി.കെ. മുരളിയും പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്.കുറുപ്പും നിരീക്ഷണത്തിലാണ്.
റിമാൻഡ് പ്രതിയെ പിടിയിലായ മാണിക്കൽ പഞ്ചായത്തടക്കം മൂന്നു പഞ്ചായത്തുകളിലായി ആളുകൾ നിരീക്ഷണത്തിൽ കഴിയുമ്പോൾ ഒരു പഞ്ചായത്തു മാത്രം ഹോട്സ്‌പോട്ടാക്കിയത് ഇന്നലെ അധികാരികൾക്കും ജനങ്ങൾക്കും ആശയകുഴപ്പം ഉണ്ടാക്കിയതായും പറയുന്നു. റോഡിന്റെ ഒരു ഭാഗത്തെ കടകൾ അടച്ചും മറു ഭാഗത്തെ കടകൾ തുറന്നുമാണ് കിടന്നത്. ഇന്നലെ നല്ല തിരക്കും ജംഗ്ഷനിൽ അനുഭവപെട്ടു. ഇന്നലെ ഉച്ചയോടു കൂടി സ്റ്റേഷനിൽ എത്തിച്ച രണ്ട് പ്രതികൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചന്ന് വാർത്ത പരന്നതോടെ ജനങ്ങൾ വീണ്ടും ആശങ്കയിലായി.