കുഴിത്തുറ: കൊല്ലങ്കോട് മുടിപ്പുര ക്ഷേത്രത്തിന് സമീപമുള്ള തമിഴ്‌നാട് പൊലീസിന്റെ ചെക്ക്പോസ്റ്റ് മാറ്റുന്നതിനായി പ്രധിഷേധ പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തു. അതിർത്തി പ്രദേശമായ കാക്കവിളയിൽ സ്ഥാപിക്കേണ്ട ചെക്ക്പോസ്റ്റാണ് കൊല്ലങ്കോട് മുടിപ്പുര ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചത്. ചെക്ക്പോസ്റ്റ് വന്നതോടെ കൊല്ലങ്കോട് പഞ്ചായത്തിലെ നാലു വാർഡുകളിൽ കെട്ടിട നിർമാണസാധനങ്ങൾ കൊണ്ടുപോകുന്നതിന് കൂടുതൽ ബുദ്ധിമുട്ടായി. കൊവിഡ് വ്യാപനത്തെ തുടർന്ന് ചെക്പോസ്റ്റിൽ അതിർത്തി നിരീക്ഷണവും തുടങ്ങിയതോടെയാണ് ജനങ്ങൾ വിഷമത്തിലായത്. ഏകദേശം ആയിരത്തിലധികം കുടുംബങ്ങങ്ങൾ കൊല്ലങ്കോട് ഉൾപ്പെടെ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്ക് വാഹനങ്ങൾ ചെല്ലാൻ ചെക്ക്പോസ്റ്റിൽ അനുമതി വാങ്ങേണ്ട സ്ഥിതിയായി. ഇതുമായി ബന്ധപ്പെട്ട് ഉന്നത അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് ബി.ജെ.പി ജനങ്ങളുമായി സംഘടിച്ച് പ്രതിഷേധ പ്രകടനം നടത്തിയത്. പ്രധിഷേധ പ്രകടനം നടത്തിയ 60 പേരെ അറസ്റ്റ് ചെയ്ത് അടുത്തുള്ള കല്യാണ മണ്ഡപത്തിലേക്ക് മാറ്റി. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ്, വൈസ് പ്രസിഡന്റ് മുരുകൻ, ഐ.ടി വിങ് പ്രസിഡന്റ് അരുൺകുമാർ, മുഞ്ചിറ ബ്ലോക്ക് പ്രസിഡന്റ് രാജേശ്വരി എന്നിവർ പങ്കെടുത്തു.