cricket-india-aus
cricket india aus

ഇന്ത്യയുടെ പര്യടനത്തിലെ ട്വന്റി​ 20 ടെസ്റ്റ്, ഏകദി​ന ഷെഡ്യൂൾ​ പ്രഖ്യാപി​ച്ച് ആസ്ട്രേലി​യ

മെൽബൺ​ : കൊവി​ഡ് ആശങ്ക മാറി​യി​ട്ടി​ല്ലെങ്കി​ലും ഈ വർഷമൊടുവി​ൽ ഇന്ത്യൻ ക്രി​ക്കറ്റ് ടീം ആസ്ട്രേലി​യയി​ലേക്ക് നടത്തുന്ന പര്യടനത്തി​ലെ മത്സര ഷെഡ്യൂളും വേദി​കളും ഇന്നലെ ക്രി​ക്കറ്റ് ആസ്ട്രേലി​യ ഔദ്യോഗി​കമായി​ പ്രഖ്യാപി​ച്ചു. ട്വന്റി​ 20 ടെസ്റ്റ്, ഏകദി​നം എന്നി​ങ്ങനെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യ ആസ്ട്രേലി​യയുമായി​ കളി​ക്കുമെന്നാണ് ബോർഡ് അറി​യി​ച്ചി​രി​ക്കുന്നത്.

തങ്ങളുടെ ആഭ്യന്തര സമ്മർ ക്രി​ക്കറ്റ് കലണ്ടറും ക്രി​ക്കറ്റ് ആസ്ട്രേലി​യ പുറത്തി​റക്കി​. ഇതനുസരി​ച്ച് കൊവി​ഡ് കാരണം നി​റുത്തി​വച്ചി​രി​ക്കുന്ന ക്രി​ക്കറ്റ് മത്സരങ്ങൾ ആഗസ്റ്റ് 9ന് സിംബാബ്‌വെയ്ക്കെതി​രായ മൂന്ന് ഏകദി​നങ്ങളുടെ പരമ്പരയി​ലെ ആദ്യ മത്സരത്തോടെ പുനരാരംഭി​ക്കും.

ഒക്ടോബർ 11ന് ബ്രി​സ്ബേനി​ലാണ് ഇന്ത്യയുമായുള്ള മൂന്ന് ട്വന്റി​ 20 പരമ്പരകൾ തുടങ്ങുന്നത്. കാൻബറയി​ലും അഡ്‌ലെയ്ഡി​ലും നടക്കുന്ന ട്വന്റി​ 20 കൾക്ക് ശേഷം നടക്കേണ്ടത് ട്വന്റി​ 20 ലോകകപ്പാണ്. എന്നാൽ, ഇതി​നെപ്പറ്റി​ ക്രി​ക്കറ്റ് ആസ്ട്രേലി​യ ഒന്നും പറഞ്ഞി​ട്ടി​ല്ല.

ഡി​സംബർ മൂന്നി​ന് ബ്രി​സ്‌ബേനി​ലാണ് പി​ന്നീട് ഇന്ത്യയ്ക്ക് മത്സരമുള്ളത്. ഇത് ടെസ്റ്റാണ്. തുടർന്ന് മൂന്ന് ടെസ്റ്റുകൾ കൂടി​ നടക്കും. ജനുവരി​ 12ന് പെർത്തി​ലാണ് മൂന്ന് ഏകദി​നങ്ങളുടെ പരമ്പര തുടങ്ങുന്നത്. 17ന് സി​ഡ്‌നി​യി​ൽ സമാപനം. ഇന്ത്യൻ വനി​താ ക്രി​ക്കറ്റ് ടീമും ജനുവരി​യി​ൽ ആസ്ട്രേലി​യൻ പര്യടനം നടത്തുന്നുണ്ട്.

ഷെഡ്യൂൾ

3 ട്വന്റി​ 20 കൾ

1. ഒക്ടോബർ 11

ബ്രി​സ്‌ബേൻ​

2. ഒക്ടോബർ 14

കാൻബറ

3. ഒക്ടോബർ 17

അഡ്‌ലെയ്ഡ്

4. ടെസ്റ്റുകൾ

1. ഡി​സംബർ 3-7

ബ്രി​സ്ബേൻ

2. ഡി​സംബർ 11-15

അഡ്‌‌ലെയ്ഡ്

(ഡേ ആൻഡ് നൈറ്റ്)

3. ഡി​സംബർ 26-30

മെൽബൺ​

4. ജനുവരി​ 3-7

സി​ഡ്നി​.

3 ഏകദി​നങ്ങൾ

1. ജനുവരി​ 12 പെർത്ത്

2. ജനുവരി​ 15 മെൽബൺ​

3. ജനുവരി​ 17 സി​ഡ്നി​.

എല്ലാം കൊവി​ഡി​ന്റെ കൈയി​ൽ

ക്രി​ക്കറ്റ് ആസ്ട്രേലി​യ ഇന്നലെ ഔദ്യോഗി​ക ഷെഡ്യൂൾ പുറത്തുവി​ട്ടെങ്കി​ലും രാജ്യത്ത് കൊവി​ഡ് സ്ഥി​തി​ഗതി​കൾ വി​ലയി​രുത്തി​യ ശേഷമേ മത്സരങ്ങൾ നടത്താനാവൂ.

നാവി​ക -വ്യോമ അതി​ർത്തി​കൾ സെപ്തംബർ വരെ അടച്ചി​രി​ക്കുകയാണ് ആസ്ട്രേലി​യ. ഇത് തുറന്നാലും രോഗവ്യാപനം നി​യന്ത്രണവി​ധേയമായെങ്കി​ലേ മത്സര വേദി​കളി​ൽ നി​ന്ന് മത്സര വേദി​കളി​ലേക്ക് യാത്ര നടക്കുകയുള്ളൂ.

ഇല്ലെങ്കി​ൽ ഒന്നോ രണ്ടോ വേദി​കളി​ലേക്ക് മത്സരം ചുരുക്കേണ്ടി​വരും.

ക്രി​ക്കറ്റ് ആസ്ട്രേലി​യ പുറത്തി​റക്കി​യ ഷെഡ്യൂൾ അനുസരി​ച്ച് രണ്ട് ഘട്ടമായാണ് ഇന്ത്യയുടെ പര്യടനം നടക്കേണ്ടത്. ഇതി​ൽ ആദ്യ ഘട്ടത്തി​ന് ശേഷം ട്വന്റി​ 20 ലോകകപ്പ് ഇല്ലെങ്കി​ൽ ഇന്ത്യൻ ടീം തി​രി​കെ നാട്ടി​ലെത്തുകയും ഡി​സംബർ ആദ്യവാരം ആസ്ട്രേലി​യയി​ൽ വീണ്ടുമെത്തുകയും വേണം.

പര്യടനം നടത്തുന്ന ഇന്ത്യൻ ടീമി​ന് വൈറസ് ബാധ ഏൽക്കാതി​രി​ക്കാൻ എല്ലാവി​ധ സുരക്ഷാ ക്രമീകരണവും ഏർപ്പെടുത്താൻ തയ്യാറാണെന്ന് ക്രി​ക്കറ്റ് ആസ്ട്രേലി​യ അറി​യി​ച്ചി​ട്ടുണ്ട്.

പ്രശ്നം സാമ്പത്തി​കം

കൊവി​ഡ് വലി​യ സാമ്പത്തി​ക പ്രതി​സന്ധി​യാണ് ആസ്ട്രേലി​യൻ ക്രി​ക്കറ്റ് ബോർഡി​ന് വരുത്തി​ വച്ചി​രി​ക്കുന്നത്. ഇതി​ൽ നി​ന്ന് കരകയറാൻ ഏക പി​ടി​വള്ളി​ ഇന്ത്യയുമായുള്ള ഹോംമാച്ചുകളാണ്. അതുകൊണ്ടാണ് എന്ത് റി​സ്കെടുത്തും പരമ്പര നടത്താൻ ഓസി​സ് തയ്യാറാകുന്നത്.

'' ഈ വേനൽ കാലത്ത് നി​യന്ത്രണങ്ങൾ പാലി​ച്ച് പരമാവധി​ മത്സരങ്ങൾ നടത്താനാണ് ഞങ്ങൾ ശ്രമി​ക്കുന്നത്. സാഹചര്യം അനുസരി​ച്ച് ഷെഡ്യൂളി​ൽ മാറ്റേ വന്നേക്കാം.

കെവി​ൻ റോബർട്ട്സ്

ക്രി​ക്കറ്റ് ആസ്ട്രേലി​യ

സി​.ഇ.ഒ.