തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം സംസ്ഥാനത്ത് അത്യന്തഗുരുതര സ്ഥിതിയിലേക്ക് മാറുന്നുവെന്നും സമൂഹവ്യാപനത്തിന്റെ സൂചനയുണ്ടെന്നും ഡോ.ബി.ഇക്ബാൽ അദ്ധ്യക്ഷനായ കൊവിഡ് ഉന്നതതലസമിതി റിപ്പോർട്ട് നൽകി. അടിയന്തര ഇടപെടൽ വേണമെന്ന നിർദ്ദേശത്തോടെ ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് നൽകിയത്.
ഇന്നലെ മാത്രം 84 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഉന്നതതല സമിതിയുടെ നിഗമനങ്ങൾ ശരിവയ്ക്കുന്നതാണിത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്തു നിന്നെത്തുന്നവർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും പുറമെ സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നവരുടെ എണ്ണവും കൂടുകയാണ്. അയൽ സംസ്ഥാനങ്ങളെല്ലാം സമൂഹവ്യാപനത്തിലേക്ക് കടന്ന നിലയിലാണ്. കേരളവും അതിലേക്കാണ് നീങ്ങുന്നത്. കൊവിഡ് ബാധിതരിൽ മുപ്പതോളം പേരുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആദ്യ രണ്ടുഘട്ടങ്ങളിലും ശക്തമായ പ്രതിരോധ നടപടികളിലൂടെ സംസ്ഥാനത്തിനുള്ളിൽ രോഗവ്യാപനം പിടിച്ചുനിറുത്താൻ കഴിഞ്ഞു. പുറത്തുനിന്നുള്ളവർ എത്താൻ തുടങ്ങിയതോടെ കാര്യങ്ങൾ കൈവിട്ടു. സമ്പർക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം പ്രതീക്ഷിച്ച രീതിയിൽ കൂടിയിട്ടില്ലെന്ന തോന്നലിന്റെ ആശ്വാസത്തിൽ വിദഗ്ദ്ധ സമിതി റിപ്പോർട്ടിന് സർക്കാർ അടിയന്തരപ്രാധാന്യം നൽകിയിട്ടില്ല. ഇത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ദ്ധർക്ക് ഭയമുണ്ട്. ചൈനയൊഴികെ എല്ലാ രാജ്യങ്ങളിലും ആദ്യത്തെ കേസുകൾ പുറത്തുനിന്നു വന്നവയാണ്. തുടർന്ന് അവരുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും അതിൽ നിന്ന് മറ്റുള്ളവരിലേക്കും രോഗം വ്യാപിക്കുകയായിരുന്നു.
സമൂഹവ്യാപനത്തെ മോശം കാര്യമായി കാണുകയോ അത് ഇല്ലെന്നു നടിക്കുകയോ അതു മൂടിവയ്ക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് ആത്മഹത്യാപരമാണ്. എല്ലാ ആശുപത്രികളിലും ഫ്ലൂ പനി പോലുള്ള രോഗവുമായി വന്നെത്തുന്നവരെ ആകസ്മിക ക്രമപ്രകാരം പരമാവധി ടെസ്റ്റ് ചെയ്യണം.
-ഡോ.കെ.പി.അരവിന്ദൻ
കൊവിഡ് ഉന്നതതല
സമിതിയംഗം
പൊതുനിയന്ത്രണം
തുടരണമെന്ന് കേരളം
സാമ്പത്തികമേഖലയെ ശക്തിപ്പെടുത്താൻ കൂടുതൽ ഇളവുകൾ അനുവദിക്കണമെന്നും ഇപ്പോഴത്തെ പൊതുനിയന്ത്രണം തുടരണമെന്നും സംസ്ഥാന സർക്കാർ നിർദേശിച്ചു. ഇന്നലെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായി ചീഫ് സെക്രട്ടറി ടോം ജോസ് നടത്തിയ പതിവ് ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാലാംഘട്ട ലോക്ക് ഡൗൺ 31ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണിത്.
കണ്ടെയ്ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം നിലനിറുത്തി മറ്റ് മേഖലകൾ തുറന്നുകൊടുക്കാനാണ് സാധ്യത. രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്നത് സംസ്ഥാനത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.