കുളത്തൂർ : വീടുകളിലും പരിസരങ്ങളിലും പാമ്പുകളെ പേടിച്ച് കഴിയുകയാണ് കുളത്തൂർ, ആറ്റിപ്ര നിവാസികൾ. ഒരാഴ്ചയ്ക്കിടെ 3 കരിമൂർഖൻ ഉൾപ്പെടെ 8 വിഷപ്പാമ്പുകളെയാണ് നാട്ടുകാർ പിടികൂടി ആളൊഴിഞ്ഞ പാർവതി പുത്തനാറിന്റെ ഓരത്ത് തുറന്നുവിട്ടത്. ഇന്നലെ ഉച്ചയോടെ കുളത്തൂർ മൂന്നാറ്റുമുക്ക് മന്നൻ ഹോട്ടലിന് സമീപം ദർശന നിവാസിൽ സുദർശനന്റെ വീട്ടിൽ നിന്ന് ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ വാവ സുരേഷിന്റെ നേതൃത്വത്തിൽ പിടികൂടിയതാണ് അവസാന സംഭവം. ഒരാൾ പൊക്കത്തിൽ സാമാന്യം വലിപ്പമുള്ള മൂർഖനാണ് പിടിയിലായത്. വീടിനോട് ചേർന്ന അടച്ചുറപ്പുള്ള തേങ്ങാപ്പുരയിൽ അടച്ചിരുന്ന പൂച്ചക്കുഞ്ഞിനെ ആഹാരമാക്കിയ ശേഷം മുറിയിൽ ചുരുണ്ടു കിടക്കുകയായിരുന്നു. ഒന്നര മാസം മുമ്പ് ഇതിന് സമീപത്തെ ശശിലാൽ, രമണി, ഭരതൻ എന്നിവരുടെ വീടുകളിൽ നിന്ന് പല ദിവസങ്ങളിലായി ഉഗ്രവിഷമുള്ള നാല് മൂർഖൻ പാമ്പുകളെ വീട്ടുകാർ അറിയിച്ചതനുസരിച്ച് വാവ സുരേഷ് പിടികൂടിയിരുന്നു. കുളത്തൂർ ഗുരുനഗറിന് സമീപം റെയിൽവേ ലൈനിന് ചുറ്റും കാടുകയറിയ ഭാഗങ്ങളിൽ നിന്നാണ് പാമ്പുകൾ ഇഴഞ്ഞെത്തുന്നത്. മുമ്പ് ആറുമാസത്തിലൊരിക്കലെങ്കിലും പാളത്തിന്റെ ഇരു വശങ്ങളിലെയും കാട് വെട്ടിത്തെളിക്കുമായിരുന്നു. ജനങ്ങൾ ഏറെ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിൽ അടിക്കടിയുള്ള വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പാമ്പ് ശല്യത്തെക്കുറിച്ച് ആരോട് പരാതി പറയാനെന്നാണ് നാട്ടുകാരുടെ ചോദ്യം.
പാമ്പിനെ കൊല്ലല്ലേ...
ഇന്ത്യയിൽ മാത്രം ഓരോ വർഷവും പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണം അൻപതിനായിരത്തിനടുത്താണ്. വാവ സുരേഷ് പിടിക്കുന്ന പാമ്പുകൾ കൂടുതലും ജനവാസ മേഖലകളിൽ നിന്നാണെന്നുകൂടി അറിയുമ്പോഴാണ് പാമ്പ് ഉയർത്തുന്ന ഭീഷണിയുടെ ആഴം മനസിലാകുന്നത്. പാമ്പുകളെ പിടിച്ചാലും കൊന്നാലും വേണമെങ്കിൽ വനംവകുപ്പിനു കേസെടുക്കാം. പാമ്പുകളെ വീട്ടിൽ കണ്ടാൽ തല്ലിക്കൊല്ലുന്ന രീതി മാറി പാമ്പു സംരക്ഷകരെ വിവരമറിയിക്കുന്നത് ഇപ്പോൾ വ്യാപകമായിട്ടുണ്ട്. വനംവകുപ്പിന്റെ ടോൾഫ്രീ നമ്പരായ 1800 425 4733ലും വിളിക്കാം.
ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പാമ്പിനെ അകറ്റാം
വീടിന് ചുറ്റും ചപ്പുചവറുകൾ കൂട്ടിയിടാതിരിക്കുക
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
കരിയില, മരക്കഷ്ണം, തൊണ്ട്, വൈക്കോൽ തുടങ്ങിയവ നീക്കംചെയ്യുക
പൊന്തക്കാടുകളും പുല്ലും യഥാസമയം വെട്ടിയൊതുക്കുക.
വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം പാമ്പുകൾ വരാം.
എലികളുടെ സാന്നിദ്ധ്യവും പാമ്പുകളെ ആകർഷിക്കും.
വീടിനു സമീപത്തെ പൊത്തുകൾ അടയ്ക്കുക
ക്യാപ്‌ഷൻ : കുളത്തൂർ മൂന്നാറ്റുമുക്കിന് സമീപം സുദർശനന്റെ വീട്ടിൽ നിന്ന്
ഇന്നലെ വാവ സുരേഷ് പിടികൂടിയ മൂർഖൻ പാമ്പ്.