ksfe

തിരുവനന്തപുരം: കൊവിഡ്, ലോക്ക്ഡൗൺ എന്നിവയുടെ പശ്ചാത്തലത്തിൽ കെ.എസ്.എഫ്.ഇ പ്രഖ്യാപിച്ച വായ്‌പാ പദ്ധതികൾ പ്രവാസി മലയാളികൾക്ക് ഏറെ ആശ്വാസമാണ്. പ്രവാസി സൗഹൃദം സ്വർണപ്പണയ വായ്പാ പദ്ധതിയിൽ പലിശ മൂന്നു ശതമാനമാണ്. ഫെബ്രുവരി 15നുശേഷം കേരളത്തിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നാലുമാസ കാലാവധിയിൽ ഒരു ലക്ഷം രൂപവരെ വായ്പ കിട്ടും. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയിൽ അംഗങ്ങൾക്ക് ഒന്നരലക്ഷം രൂപവരെലഭിക്കും.

നോർക്ക തിരിച്ചറിയൽ കാർഡുള്ള, മാർച്ച് ഒന്നിനുശേഷം ജോലി നഷ്ടപ്പെട്ട് ഇതര സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്തിയവർക്ക് പ്രവാസി മിത്രം സ്വർണപ്പണയ വായ്പാ പദ്ധതിയിലൂടെയും നിവാസി സൗഹൃദ സ്വർണപ്പണയ പാക്കേജിൽ നിലവിൽ സംസ്ഥാനത്തുള്ളവർക്ക് 10,000 രൂപ വരെയും വായ്‌പ 8.5 ശതമാനം പലിശ നിരക്കിൽ ലഭ്യമാക്കും. പ്രവാസി ചിട്ടിയിൽ അംഗമായവരുടെ ബന്ധുക്കൾക്ക് 2,50,000 രൂപവരെ നൽകും. വ്യാപാര സമൃദ്ധി വായ്പ പദ്ധതിയിലൂടെ ചെറുകിട കച്ചവടക്കാർക്ക് ഒരു ലക്ഷം രൂപവരെ നേടാം. 24 മാസമാണ് കാലാവധി. 10.5 മുതൽ 11.5 ശതമാനം വരെയാണ് പലിശ.