തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ അധികമുള്ള 300 ജീവനക്കാരെ പുറത്തുള്ള വകുപ്പുകളിലേക്ക് പുനർവിന്യസിക്കാൻ ഉദ്യോഗസ്ഥതല സമിതിയുടെ ശുപാർശ.
ലോക്ക് ഡൗണിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ, സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനാപ്രതിനിധികളുമായി ചർച്ച ചെയ്താവും തീരുമാനമെടുക്കുക. മുഖ്യ ഭരണാനുകൂല സംഘടന ഉൾപ്പെടെ എതിർക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാവും.
സെക്രട്ടേറിയറ്റിലെ ഭരണസംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് ,മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ച് അഡിഷണൽ സെക്രട്ടറിമാരും ജോയിന്റ് സെക്രട്ടറിമാരും ഡെപ്യൂട്ടി സെക്രട്ടറിമാരുമുൾപ്പെട്ട സമിതിയെ നിയോഗിച്ചത്. ഓഫീസ് അറ്റൻഡന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്) തസ്തികകളിലായി 750 പേരുണ്ട്. ഇവരിൽ 450 പേരെ മാത്രമേ സെക്രട്ടേറിയറ്റിൽ ആവശ്യമുള്ളൂവെന്നാണ് കണ്ടെത്തൽ.. ഇ- ഫയലിംഗ് ആയതോടെ ഓഫീസ് അറ്റൻഡന്റുമാർക്കും ടൈപ്പിസ്റ്റുകൾക്കും കാര്യമായ ജോലിയില്ലാതായി. അധികമുള്ളവരെ ജോലി കൂടുതലുള്ള ആഭ്യന്തരം, റവന്യു, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലേക്ക് മാറ്റണം.
ഓഫീസ് അറ്റൻഡന്റിന് അസിസ്റ്റന്റായി സ്ഥാനക്കയറ്റത്തിന് വകുപ്പുതല പരീക്ഷ വേണമെന്നും ശുപാർശയിലുണ്ട്. സെക്രട്ടേറിയറ്റിലെ സ്ഥാനക്കയറ്റങ്ങൾ യോഗ്യതയുടെ അടിസ്ഥാനത്തിലാക്കണം.
കാര്യമായ ജോലികളില്ലാത്ത തസ്തികകൾ പുനർവിന്യസിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. ഇക്കാര്യവും സമിതി പരിശോധിക്കും.