തിരുവനന്തപുരം: ഗവ.മെഡിക്കൽ കോളേജുകളിൽ പുതിയ പ്രിൻസിപ്പൽമാരെ നിയമിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ.സാറ വർഗീസാണ് തിരുവനന്തപുരത്തെ പ്രിൻസിപ്പൽ. ഡോ. അജയകുമാർ വിരമിക്കുന്ന ഒഴിവിലാണിത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി തിരുവനന്തപുരം മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. രവികുമാർ കുറുപ്പിനെ നിയമിച്ചു. കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ഇടുക്കി മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. പി.പി.മോഹനനെ നിയമിച്ചു. തൃശൂർ മെഡിക്കൽ കോളേജിലെ ഫിസിയോളജി വിഭാഗം പ്രൊഫസർ ഡോ. വിജയലക്ഷ്മിയെ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാക്കി.
എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി കണ്ണൂർ മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഡോ. എൻ.റോയിയെയും കോന്നി മെഡിക്കൽകോളേജ് പ്രിൻസിപ്പലായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ഓർത്തോപീഡിക്സ് വിഭാഗം പ്രൊഫസർ ഡോ. സി.എസ്. വിക്രമനെയും നിയമിച്ചു. ഇടുക്കിയിൽ ഡോ. വി. സതീഷും കണ്ണൂരിൽ ഡോ. കെ.എം. കുര്യാക്കോസുമാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷ്യൽ ഓഫീസറായി ഡോ. ഹരികുമാരൻ നായർ .ജി.എസിനെ നിയമിച്ചു. നിലവിൽ ആരോഗ്യസർവകലാശാലാ ഡീനാണ് അദ്ദേഹം.