bypass

കഴക്കൂട്ടം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പൈലിംഗിനിടെ വീണ്ടും പൈപ്പ് പൊട്ടിയതോടെ അധികൃത‌ർ തമ്മിലുള്ള പോര് മുറുകി. പൈപ്പ് പൊട്ടിയതോടെ പള്ളിപ്പുറം സി.ആർ.പി. എഫ് അടക്കമുള്ള പ്രധാന കേന്ദ്രങ്ങളിൽ ദിവസങ്ങളായി കുടിവെള്ളം ലഭിക്കാതായി. കഴക്കൂട്ടം ബൈപാസ് ജംഗ്ഷൻ മുതൽ എ.ജെ ആശുപത്രിവരെയുള്ള 320 മീറ്ററിലാണ് മേൽപ്പാല പണികൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പൈലിംഗിനിടെ മൂന്നുതവണയാണ് ഇവിടെ പൈപ്പ് പൊട്ടിയത്. ഇതിനെ തുടർന്ന് നിർമ്മാണ കമ്പനിയുടെ അനാസ്ഥയ്ക്കെതിരെ വാട്ടർ അതോറിട്ടി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ടുതവണ പൈപ്പ് പൊട്ടിയിരുന്നു. ഇതിനെ തുടർന്ന് മന്ത്രി കടകംപള്ളി വിളിച്ച യോഗത്തിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന സ്ഥലത്തിന്റെ സെക്ച്ച് നിർമ്മാണ കമ്പനിക്ക് നൽകണമെന്ന് അറിയിച്ചിരുന്നു. എന്നാൽ വാട്ടർ അതോറിട്ടി നൽകിയ സ്കെച്ച് പ്രകാരമല്ല പൈപ്പ് ലൈൻ കടന്നുപോകുന്നതെന്നും അതിനാലാണ് പൈപ്പ് പൊട്ടാൻ ഇടയായതെന്നുമാണ് നി‌ർമ്മാണ കമ്പനിയായ ആർ.ഡി.എക്സിന്റെ വാദം. അതേസമയം വാട്ടർ അതോറിട്ടിയെ യഥാസമയം അറിയിക്കാതെയാണ് പൈലിംഗ് നടത്തിയതെന്നാണ് അവരുടെ വാദം. പൈപ്പ് പൊട്ടിയതോടെ ആയിരക്കണക്കിന് ജനങ്ങളാണ് കുടിവെള്ളത്തിന് ബുദ്ധിമുട്ടുന്നത്. അതുകൊണ്ട് തന്നെ ശക്തമായ നടപടി എടുക്കണമെന്ന് പരാതിയിൽ പറയുന്നുണ്ട്.

പൈപ്പ് പൊട്ടി കുടിവെള്ളക്ഷാമം രൂക്ഷമായതോടെ ഇന്നലെ നിർമ്മാണ കമ്പനിയും വാട്ടർ അതോറിട്ടിയുമായി നടത്തിയ ചർച്ചയിൽ നിർമ്മാണ കമ്പനിയുടെ ചെലവിൽ താത്കാലികമായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാൻ ധാരണയായി. ഇതിനെ തുടർന്ന് റോഡിന്റെ വശത്ത് കൂടി താത്കാലിക പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള പണികൾ ആരംഭിച്ചു. നാളെ വൈകിട്ടോടെ ജലവിതരണം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷ.