ന്യൂഡൽഹി : നീട്ടി നീട്ടി ഒടുവിൽ ഈ വർഷം ഒക്ടോബർ 20 മുതൽ നവംബർ നാലുവരെ ഗോവയിൽ നടത്താൻ നിശ്ചയിച്ചിരുന്ന 36-ാമത് ദേശീയ ഗെയിംസ് കൊവിഡ് പശ്ചാത്തലത്തിൽ അനിശ്ചിത കാലത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനമായി.
2016 നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഗെയിംസാണ് നാലു വർഷത്തോളം നീണ്ടത്. 2015ൽ കേരളത്തിലാണ് ഇതിന് മുമ്പ് ദേശീയ ഗെയിംസ് നടന്നത്. 2011ൽ നടത്താനിരുന്ന ഗെയിംസാണ് കേരളം 2015ൽ നടത്തിയത്. തൊട്ടടുത്ത വർഷം നടത്താൻ ഗോവ സമ്മതിച്ചിരുന്നതാണെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തത് ഗെയിംസ് വൈകിപ്പിക്കുകയായിരുന്നു.
ഇന്നലെ ഗോവ ഉപമുഖ്യമന്ത്രി മനോഹർ അജ്ഗാവോങ്കറാണ് ഗെയിംസ് നീട്ടിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്. കേന്ദ്ര കായിക മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് തീരുമാനമെന്നും ഇനിയും ചുരുങ്ങിയത് നാലു മാസത്തെയെങ്കിലും മുന്നൊരുക്കം ഇല്ലാതെ ഗെയിംസ് നടത്താനാകില്ലെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം മേയ് 31ന് മുമ്പ് ഗെയിംസ് നടത്താനായിരുന്നു കേന്ദ്ര കായിക മന്ത്രാലയവും ഒളിമ്പിക് അസോസിയേഷനും ഗോവയ്ക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്.
ടെന്നിസ്, സ്വിമ്മിംഗ്, ലോൺ ബാൾസ്, സ്ക്വാഷ് തുടങ്ങിയ മത്സരങ്ങളുടെ വേദികളൊന്നും ഇതുവരെ തയ്യാറായിട്ടില്ല.
അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റായി ദേശീയ ഗെയിംസ് നടത്താനാണ് സാധ്യത.
നിലവിലെ സാഹചര്യത്തിൽ ഗെയിംസ് നടത്താൻ നിർവാഹമില്ലാത്തതിനാലാണ് മാറ്റിവയ്ക്കുന്നത്. സെപ്തംബറിൽ സംഘാടക സമിതി ചേർന്ന് പുതിയ തീയതി പ്രഖ്യാപിക്കും.
മനോഹർ അജ്ഗാവോങ്കർ
ഗോവ ഉപമുഖ്യമന്ത്രി