കോവളം: ദുരന്ത നിവാരണ അതോറിട്ടിയുടെ കർശന നിർദ്ദേശം ലംഘിച്ച് വിഴിഞ്ഞം തീരം വഴി മീൻപിടിക്കാൻ പോകാൻ ശ്രമിച്ചവരെ കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ തടഞ്ഞ് തിരിച്ചയച്ചു. പൊഴിയൂർ, പൂവാർ, അടിമലത്തുറ, കരിങ്കുളം, പുതിയതുറ, പൂന്തുറ, വലിയതുറ, വേളി, തുമ്പ തുടങ്ങിയ തീരദേശ മേഖലകളിൽ നിന്ന് ഇന്നലെ ഉച്ചയോടെ വാഹനങ്ങളിൽ മീൻപിടിത്ത ഉപകരണങ്ങളുമായെത്തിയ തൊഴിലാളികളുടെ വൻ സംഘത്തെയാണ് തടഞ്ഞ് തിരിച്ചയച്ചത്. പൊലീസിനെ വെട്ടിച്ച് ലീവേർഡ് വാർഫ് വഴി മീൻപിടിത്തത്തിന് പോയ അഞ്ച് വളളങ്ങളിലെ തൊഴിലാളികൾ തിരിച്ചെത്തുമ്പോൾ തടഞ്ഞുവയ്ക്കുമെന്നും വിലക്ക് ലംഘിച്ച് പോകുന്നവർക്കെതിരെ കർശന നിയമനടപടിയെടുക്കുമെന്നും കോസ്റ്റൽ പൊലീസ് അറിയിച്ചു. അറബിക്കടലിൽ ഇരട്ട ന്യൂനമർദ്ദം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാമുന്നറിയിപ്പിനെ തുടർന്നാണ് ദുരന്ത നിവാരണ അതോറിട്ടി മത്സ്യബന്ധനം നടത്തരുതെന്ന് നിർദ്ദേശിച്ചിരുന്നത്. പിന്തിരിയാൻ തയ്യാറാകാത്ത ചില സംഘങ്ങളെ എസ്.ഐ ഷാനിബാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിരട്ടിയോടിച്ചു. ചിലർ സീവേർഡ് വാർഫിൽ നങ്കൂരമിട്ടിരിക്കുന്ന തങ്ങളുടെ വളളങ്ങളിൽ നിന്ന് എൻജിനുകൾ ഇളക്കിമാറ്റാൻ അനുമതി ആവശ്യപ്പെട്ടു. ഇതിന് പൊലീസ് അവസരം നൽകി.