karnataka-border

പാറശാല: പാസ് ഇല്ലാതെ അനധികൃതമായി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി തിരിച്ചയച്ചു. മാർത്താണ്ഡത്ത് നിന്നും കോട്ടയത്തേക്ക് പോകുന്നതിനായി അതിർത്തി പ്രദേശമായ പളുകൽ വഴി എത്തിയ ആറംഗ സംഘത്തെയാണ് പാറശാല പൊലീസ് പിടികൂടി കളിയിക്കാവിള വഴി തിരികെ അയച്ചത്. അനധികൃതമായി കടക്കാൻ ശ്രമിച്ചവരുടെ പേരിലും ഇവരെ കൂട്ടിക്കൊണ്ടു പോകാനായി എത്തിയ ബസ് ഡ്രൈവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാസ് മുഖേന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നതിനുള്ള ഏക മാർഗമാണ് ദേശീയപാതയിലെ ഇഞ്ചിവിള ചെക്പോസ്റ്റ്. എന്നാൽ അതിർത്തിയിലെ പല ഇട റോഡുകളിലൂടെയും പലരും കേരളത്തിലേക്ക് എത്തുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടപടികൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്.